NEWS

‘വർഗീയ ശക്തികൾക്കെതിരെ പോരാടും, കേന്ദ്ര  നയങ്ങൾക്കെതിരെയും യുഡിഎഫ് സർക്കാരിനെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും’

എംവി ഗോവിന്ദൻ

കോഴിക്കോട്: സംഘടനാപരമായും രാഷ്ട്രീയപരമായും കൂടുതൽ കരുത്തുനേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ വർഗീയശക്തികൾക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെയും ബിജെപിയുമായി ഡീലാക്കി ജനവിരുദ്ധഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിനെതിരെയും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ ഇടതുപക്ഷ മനസിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംവി ഗോവിന്ദന്റെ വാക്കുകളിലേയ്ക്ക്

മൂന്നുപ്രമേയങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അതിലൊന്നാണ് വർഗീയതയ്ക്ക് എതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുക എന്നത്. ത്രിപുരയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ അട്ടിമറിച്ചതിന് ശേഷം വർഗീയ ശക്തികൾ പറഞ്ഞത് അവരുടെ അടുത്ത ലക്ഷ്യം കേരളമാണെന്നാണ്. അതിന്റെ ഭാഗമായാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കടന്നാക്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയ്ക്കും അവയ്ക്ക് വളം വയ്ക്കുന്ന ന്യൂനപക്ഷ വർഗീയതയ്ക്കും എതിരെ വലിയ മുന്നേറ്റം കേരളത്തിൽ സംഘടിപ്പിക്കേണ്ടതുണ്ട്. അതാണ് പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒരു പ്രമേയമായി അവതരിപ്പിച്ചത്.

കേരളത്തിൽ വൈദ്യുതി എന്നത് ഒരു കിട്ടാകനിയായി മാറികഴിഞ്ഞു. അതിൽ എന്തെല്ലാം വിശദീകരണങ്ങളാണ് സർക്കാർ നടത്തുന്നത്.കഴിഞ്ഞ പത്തുവർഷക്കാലം ഈ കേരളത്തിൽ പവർകട്ടോ ലോഡ്ഷെട്ടിംഗോ ഒന്നും ഇല്ലായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നിട്ട് മൂന്നുമാസം പൂർത്തിയാകുന്ന ഘട്ടമാകുമ്പോഴേയ്ക്ക് പഴയ ഉമ്മൻചാണ്ടിയുടെ കാലത്തെ അതേ പല്ലവി ആവർത്തിക്കുകയാണ്. എല്ലാദിവസവും ഏത് സമയത്താണ് കറന്റ് പോകുന്നത് എന്ന് പറയാൻ സാധിക്കില്ല. ജനങ്ങൾ വലിയ രീതിയിൽ പ്രയാസം അനുഭവിക്കുകയാണ്.

കേന്ദ്ര നയങ്ങൾക്കെതിരെയും അതിനെതിരെ ഒന്നും പറയാതെ ബിജെപിയുമായി ഡീൽ ഉണ്ടാക്കി ഭരണം നടത്തുന്ന ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിനെതിരായും ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടിക്കെതിരെയുള്ള ഇഡിയുടെ കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ രീതിയിൽ മുന്നോട്ട് പോകും.

എല്ലാജില്ലയിലും വരുന്ന അടുത്തമാസം 17, 18 തീയതികൾക്കുള്ളിലായി ജില്ലാകമ്മിറ്റികൾ ചേരും. ജില്ലാകമ്മിറ്റി അംഗങ്ങളും ഏര്യാകമ്മിറ്റി സെക്രട്ടറിമാരും ഏര്യയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ മൂന്ന് സഖാക്കൾ വീതം പങ്കെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയോ എന്നതിൽ മൂന്ന് മാസം കൂടുമ്പോൾ എല്ലാതലങ്ങളിലും പരിശോധന നടത്തണം. ആറ്‌ മാസത്തിന്‌ ശേഷം എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള റിവ്യുവിന്‌ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകും. പ്രതികൂലമായ സാഹചര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള പ്രതിജ്ഞയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൈക്കൊണ്ടത്.

വർ​ഗ – ബഹുജന സംഘടനാ ഭാരവാഹികളും പങ്കെടുക്കും. വിപൂലീകൃത ജില്ലാ കമ്മിറ്റികളുടെ സമാപനം വലിയരീതിയിൽ ജനകീയമായി സംഘടിപ്പിക്കും. അതിന് ശേഷം മേഖലാടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് റിപ്പോർട്ട് ചെയ്യും. ഒക്ടോബർ 25ഓടെ ഇതും പൂർത്തിയാക്കും.

Read News ⏭️

Back to top button