SPORTS
ആ രാത്രികളില്‍ ഞാൻ ഉറങ്ങിയിട്ടില്ല: ബുദ്ധിമുട്ടേറിയ സമയത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന

മുംബൈ∙ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടേറിയ അനുഭവങ്ങളെക്കുറിച്ചു മനസ്സു തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. യുട്യൂബർ രാജ് ഷമാനിയുമായുള്ള യുട്യൂബ് അഭിമുഖത്തിലാണ് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ചു സ്മൃതി വെളിപ്പെടുത്തിയത്. കൂടുതല്‍ ബുദ്ധിമുട്ടിയ രാത്രിയേതെന്ന ചോദ്യം രാജ് ഷമാനി ഉയർത്തിയപ്പോൾ കുറച്ചുനേരം ആലോചിച്ച ശേഷമായിരുന്നു സ്മൃതിയുടെ മറുപടി. ക്രിക്കറ്റിനെക്കുറിച്ചു മാത്രമേ സംസാരിക്കൂവെന്നു പറഞ്ഞായിരുന്നു സ്മൃതിയുടെ വാക്കുകൾ. വ്യക്തിപരമായ ജീവിതത്തിലെ ബുദ്ധിമുട്ടുകളെപ്പറ്റി പറയാനില്ലെന്നും സ്മൃതി വ്യക്തമാക്കി.‘‘ബുദ്ധിമുട്ടേറിയ രാത്രിയെക്കുറിച്ചു ചോദിച്ചാൽ എനിക്കു ചിന്തിക്കേണ്ടിവരും. ഏതെങ്കിലും ലോകകപ്പിന്റെ സമയത്തായിരിക്കും അത്. ഞാന്‍ ആ രാത്രികളിൽ ഉറങ്ങിയിട്ടു പോലും ഉണ്ടാകില്ല. ക്രിക്കറ്റിനെക്കുറിച്ചു മാത്രമേ ഞാന്‍ സംസാരിക്കൂ. കോവിഡിന്റെ സമയത്തും ഞാൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരു മുറിയിൽ ഒതുങ്ങിക്കൂടേണ്ടിവന്നു. ആദ്യത്തെ ഒരു മാസം കുടുംബത്തോടൊപ്പം നല്ല രസമായിരുന്നു. പിന്നീട് ബുദ്ധിമുട്ടുകൾ തുടങ്ങി. ഒരുപാടു പേർ മരിക്കുന്നു. നമുക്കു പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയം. ആ രണ്ടു മൂന്നു മാസം വളരെ ബുദ്ധിമുട്ടായിരുന്നു.’’–സ്മൃതി വ്യക്തമാക്കി.
Auto ⏭️


