യുവാക്കളിലെ സ്ട്രോക്ക് വർധിക്കുന്നു: അവഗണിക്കരുത് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

പ്രായമായവരെ മാത്രം വേട്ടയാടുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന തെറ്റായ ധാരണ ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തമാണ്. എന്നാൽ, സമീപകാലത്തെ മെഡിക്കൽ കണക്കുകൾ സൂചിപ്പിക്കുന്നത് അമ്പത് വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിലും ഈ രോഗം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നുണ്ടെന്നാണ്. മാറിയ ജീവിതചര്യകളും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങളും കാരണം ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ട്രോക്ക് കേസുകളിൽ നാലിലൊന്നും യുവാക്കളിലാണ്. പ്രായമായവരിലെ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമായി, ചെറുപ്പക്കാരെ ബാധിക്കുമ്പോൾ അതിന് പിന്നിലെ കാരണങ്ങൾ ഏറെ സങ്കീർണ്ണമാണ്.
യുവാക്കളിൽ ഇസ്കെമിക് സ്ട്രോക്ക് (രക്തധമനികളിൽ കട്ടപിടിക്കുന്നത്), ഹെമറേജിക് സ്ട്രോക്ക് (രക്തധമനികൾ പൊട്ടുന്നത്) എന്നിവയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്:
അലസമായ ജീവിതശൈലിയും അമിതവണ്ണവും: ദീർഘനേരം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നതും വ്യായാമക്കുറവും ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഒപ്പം സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം ചെറുപ്രായത്തിൽ തന്നെ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗം: പുകവലിയും ഇ-സിഗരറ്റുകളും രക്തധമനികളുടെ ഭിത്തികളെ ദ്രുതഗതിയിൽ ബലഹീനമാക്കുന്നു. രാസലഹരികൾ ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം പെട്ടെന്ന് വർദ്ധിപ്പിക്കാനും ധമനികൾ ചുരുങ്ങാനും കാരണമാവുകയും, ഇത് ചെറുപ്പക്കാരിൽ സ്ട്രോക്ക് സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തിരിച്ചറിയാത്ത ധമനി വൈകല്യങ്ങൾ: ജന്മനാ തലച്ചോറിലെ രക്തധമനികളിലുണ്ടാകുന്ന തകരാറുകൾ (അന്യൂറിസം, ആർട്ടീരിയോവീനസ് മാൽഫോർമേഷൻ) പലപ്പോഴും പുറമെ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ ഇവ പെട്ടെന്നുള്ള രക്തസ്രാവത്തിനും സ്ട്രോക്കിനും വഴിവെക്കാം.
തീവ്രമായ മാനസിക സമ്മർദ്ദവും ഉറക്കക്കുറവും: ജോലിസ്ഥലത്തെ പിരിമുറുക്കം ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും വഴിവെക്കുന്നു.
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ: ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം രക്തധമനികളെ ആക്രമിക്കുന്ന വാസ്കുലൈറ്റിസ്, അമിതമായി രക്തം കട്ടപിടിക്കുന്ന ആന്റിഫോസ്ഫോളിപ്പിഡ് സിൻഡ്രോം തുടങ്ങിയവ യുവാക്കളിലാണ് അധികമായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ തിരിച്ചറിയാം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ലക്ഷണങ്ങൾ കാണുമ്പോൾ ഗ്യാസ് ട്രബിളോ ക്ഷീണമോ ആണെന്ന് കരുതി അവഗണിക്കുന്നത് അപകടകരമാണ്. സ്ട്രോക്ക് വേഗത്തിൽ തിരിച്ചറിയാൻ BE-FAST എന്ന മാർഗ്ഗം സഹായിക്കും:
(B – Balance) തുലനാവസ്ഥ നഷ്ടപ്പെടുക: പെട്ടെന്നുണ്ടാകുന്ന തലകറക്കം അല്ലെങ്കിൽ നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിഞ്ഞുപോകുന്ന അവസ്ഥ.
(E – Eyes) കാഴ്ചയിലെ തകരാറുകൾ: പെട്ടെന്ന് കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക.
(F – Face) മുഖം കോടിപ്പോകുക: ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖത്തിന്റെ ഒരു വശം തളരുകയോ കോടിപ്പോകുകയോ ചെയ്യുക.
(A – Arms) കൈകളിലെ തളർച്ച: ഇരു കൈകളും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഒരു കൈ താനേ താഴേക്ക് വീണുപോകുക.
(S – Speech) സംസാരത്തിലെ തടസ്സം: വാക്കുകൾ കുഴയുകയോ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ പ്രയാസം നേരിടുകയോ ചെയ്യുക.
(T – Time) സമയം അതിപ്രധാനം: മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടുക.
ജീവൻ രക്ഷിക്കാൻ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ലക്ഷണങ്ങൾ തുടങ്ങി മൂന്ന്-നാല് മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ അത്യാധുനിക ചികിത്സകളിലൂടെ തലച്ചോറിനുണ്ടാകുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
സ്ട്രോക്ക് പ്രതിരോധിക്കാൻ:
- കൃത്യമായ ആരോഗ്യ പരിശോധനകൾ: ഇരുപതുകൾക്ക് ശേഷം ബി.പി, ഷുഗർ, കൊളസ്ട്രോൾ എന്നിവ കൃത്യമായി പരിശോധിക്കുക.
- വ്യായാമം ശീലമാക്കുക: ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുകയും ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
- ആരോഗ്യകരമായ ഭക്ഷണം: ജങ്ക് ഫുഡുകൾ ഒഴിവാക്കി പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക.
- ലഹരിയോട് വിട പറയുക: പുകവലി, മദ്യം, ലഹരിമരുന്നുകൾ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.
- മാനസികാരോഗ്യം: യോഗ, ധ്യാനം, നല്ല ഉറക്കം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുക.
ചെറുപ്പക്കാർക്ക് സ്ട്രോക്ക് വരില്ലെന്ന തെറ്റിദ്ധാരണ മാറ്റുകയാണ് രോഗപ്രതിരോധത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ആരോഗ്യകരമായ ജീവിതരീതിയും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞുള്ള ചികിത്സയും സ്ട്രോക്ക് മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും പൂർണ്ണമായും തടയാൻ നമ്മെ സഹായിക്കും.



