സീൻ കത്തിക്കാൻ സൂര്യ, ദീപാവലിക്ക് രാമനും അമ്മനും

ബ്രഹ്മാണ്ഡ ചിത്രങ്ങളുമായാണ് ഇക്കുറി ദീപാവലി ആഘോഷം.ഇന്ത്യയിലെ ഏറ്രവും വലിയ ചിത്രം രാമായണ, 100 കോടി ബഡ്ജറ്റിൽ നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 എന്നീ ദൈവീക ചിത്രങ്ങളാണ് ദീപാവലിയുടെ ഏറ്റവും വലിയ ആകർഷണീയത . ഒപ്പം തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം സീൻ ദീപാവലി റിലീസായി നവംബർ 6ന് പ്രദർശനത്തിന് എത്തും.നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ : പാർട്ട് 1ൽ രൺബീർ കപൂർ രാമനായി വേഷമിടുന്നു.
സായ് പല്ലവി സീതയായും കന്നഡ സൂപ്പർതാരം യഷ് രാവണനെയും അവതരിപ്പിക്കുന്നു. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതം . നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് നിർമ്മാണം.
വിദേശ രാജ്യങ്ങളിൽ നവംബർ 6ന് ചിത്രം റിലീസ് ചെയ്യും.ഇന്ത്യയിൽ നവംബർ 8ന് പ്രദർശനത്തിന് എത്തും.മൂക്കുത്തി അമ്മൻ എന്ന ടൈറ്റിൽ കഥാപാത്രമായി നയൻതാര എത്തുന്ന മൂക്കുത്തി അമ്മൻ 2 സുന്ദർ സി സംവിധാനം ചെയ്യുന്നു.ഭക്തിയെ മാത്രം പ്രമേയമാക്കാതെ കോമഡി പശ്ചാത്തലത്തിൽ സാമൂഹിക- രാഷ്ട്രീയ വിഷയം ആയിരുന്നു മൂക്കുത്തി അമ്മന്റെ പ്രമേയം. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം. റിലീസ് തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഡി.എസ്.പി ഇൻമ്പരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സീനിൽ സൂര്യ എത്തുന്നത്. സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്റ്റൈലിഷായാണ് സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്രം ആണ് സീൻ. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലൻ നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്. സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്. നസ്ലിന്റെയും സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്രം ആണ് സീൻ.അതേസമയം 15 മില്യൺ കാഴ്ചാക്കാരുമായി ടൈറ്റിൽ ടീസർ മുന്നേറുന്നു.
Business ⏭️


