AUTO
പുതിയ ബ്രെസയും സൂപ്പർ ഹിറ്റ്; ബുക്കിങ്ങിൽ 40 ശതമാനവും ടർബോ എൻജിൻ മോഡലിന്

ബ്രെസയിലേക്ക് 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തിരികെ കൊണ്ടുവരാനുള്ള മാരുതി സുസുക്കിയുടെ തീരുമാനം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വാഹനപ്രേമികള്‍. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ആറ് ആഴ്ച്ചകളില്‍ ബ്രെസക്ക് ലഭിച്ച 60,000 ബുക്കിങ്ങുകളില്‍ 40 ശതമാനത്തിലേറെയും പുതിയ ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ക്കാണ്. 24,000ത്തിലേറെ പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ടര്‍ബോ പെട്രോള്‍ ബ്രെസക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ബ്രെസയുടെ 1.5 ലീറ്റര്‍ നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ പതിപ്പിന്റെ മാനുവല്‍ വകഭേദത്തേക്കാള്‍ വിലക്കുറവിലാണ് പുതിയ 1.0 ലീറ്റര്‍ ടര്‍ബോ എന്‍ജില്‍ ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ടര്‍ബോ പതിപ്പിന് വില കുറയുന്നതിന്റെ പ്രധാന കാരണം നികുതി വ്യവസ്ഥയിലെ സവിശേഷതകളാണ്. 1.0 ലീറ്റര്‍ ടര്‍ബോ ബ്രെസക്ക് 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. അതേസമയം 1.5 ലീറ്റര്‍ പതിപ്പുകള്‍ക്ക് 40 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ ഈ ചെറിയ എന്‍ജിന്‍ വില കൂടിയ പെര്‍ഫോമെന്‍സ് വകഭേദം മാത്രമല്ല പല മോഡലുകളിലും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന പെട്രോള്‍ ഓപ്ഷന്‍ കൂടിയാണ്.കൂടുതല്‍ ടോര്‍ക്ക് പുറത്തെടുക്കുന്ന കരുത്തന്‍ കൂടിയാണ് ഈ ടര്‍ബോ എന്‍ജിന്‍. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ 110എച്ച്പി കരുത്തും 170എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി അസ്പിരേറ്റഡ് എന്‍ജിന് 103എച്ച്പി കരുത്തും 139എന്‍എം ടോര്‍ക്കും മാത്രമാണ് പുറത്തെടുക്കാനാവുക. നിലവില്‍ ടര്‍ബോ പതിപ്പ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ലഭ്യമാവുകയെന്ന പരിമിതിയുണ്ട്. ബ്രെസയുടെ ഓട്ടമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും 1.5 ലീറ്റര്‍ പെട്രോള്‍ തന്നെയാണ് ശരണം. കമ്പനി ഫിറ്റഡ് സിഎന്‍ജി മോഡലുകളും ഈ വലിയ എന്‍ജിനില്‍ തന്നെയാണുള്ളത്.വിപണിയിലിറങ്ങി ഒന്നര മാസത്തിനുള്ളില്‍ 60,000 ബുക്കിങുകളാണ് മുഖം മിനുക്കിയെത്തിയ ബ്രെസ സ്വന്തമാക്കിയത്. പുതിയ പതിപ്പിന്റെ ലോഞ്ച് വേളയില്‍ പ്രതിമാസം 15,000 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി പ്രതീക്ഷിച്ചിരുന്നത്. അത് വെച്ചു നോക്കുമ്പോള്‍ മികച്ച ബുക്കിങാണെങ്കിലും ബുക്ക് ചെയ്യുന്ന എല്ലാവരും വാഹനം ഡെലിവറി എടുക്കണമെന്നില്ലെന്നും ഓര്‍ക്കണം. അധികം കാത്തിരിപ്പു സമയമില്ലാതെ ബുക്ക് ചെയ്ത വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് ഇപ്പോള്‍ മാരുതി സുസുക്കി നേരിടുന്ന പ്രധാന വെല്ലുവിളി. ഹരിയാനയിലെ ഖാര്‍ഖോഡയിലെ മാരുതി പ്ലാന്റിലാണ് ബ്രെസയുടെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ഇതേ പ്ലാന്റിലാമ് വിക്ടോറിസും നിര്‍മിക്കുന്നത്.സാധാരണ കരുത്തു കൂടിയ ടര്‍ബോ എന്‍ജിനുകള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുമ്പോള്‍ ബ്രെസയുടെ കാര്യത്തില്‍ നേരെ തിരിച്ചാണുള്ളത്. കൂടുതല്‍ കരുത്തും ഉയര്‍ന്ന ടോര്‍ക്കും നല്‍കുന്ന എല്‍എക്‌സ്‌ഐ ടര്‍ബോ പതിപ്പ് 1.5 പെട്രോളിനേക്കാള്‍ 90,000 രൂപയുടെ വിലക്കുറവിലാണ് ലഭിക്കുന്നത്. ആദ്യ 60,000 ബുക്കിങുകളില്‍ 24,000ത്തിലേറെ ടര്‍ബോ മോഡലുകള്‍ സ്വന്തമാക്കിയതിന്റെ പ്രധാന കാരണവും ഈ വിലക്കുറവാണ്. അപ്പോഴും ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്ലെന്നത് ടര്‍ബോക്ക് പോരായ്മയായി നിലനില്‍ക്കുന്നു. ഭാവിയില്‍ 1.0 ടര്‍ബോ എന്‍ജിനൊപ്പം ഓട്ടമാറ്റിക് ഓപ്ഷന്‍ കൂടി മാരുതി അവതരിപ്പിച്ചാല്‍ ടര്‍ബോ മോഡലിന്റെ വില്‍പന പിന്നെയും കൂടാനിടയുണ്ട്.
Sports ⏭️


