CINEMA

പൊലീസായി സൂര്യ, നിർണായക വേഷത്തിൽ നസ്ലിനും; ജിത്തു മാധവന്റെ ‘സീൻ’ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ


സൂര്യ

‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാളം സിനിമകളിലൂടെ തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ച ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തമിഴ് നടൻ സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് ‘സീൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഡിഎസ്പി ഇൻബരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മാസ് ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള സ്റ്റൈലിഷ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ നസ്രിയ നസീമും നസ്ലിനും സിനിമയുടെ ഭാഗമാണ്. നസ്രിയയാണ് നായിക. നസ്ലൻ നിർണായക വേഷത്തിലെത്തുമ്പോൾ ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികയുടെ നിർമാണ സംരംഭമായ ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

വലിയ കാൻവാസിൽ ഒരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2026 നവംബർ 6ന് ദീപാവലി റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് . തമിഴിൽ സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമ എന്ന പ്രത്യേകതയും ‘സീനി’നുണ്ട്.

ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾ നേടിയ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് സംവിധായകൻ തമിഴ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വിനീത് അഗസ്റ്റിനാണ് ഛായാഗ്രഹണം. അജ്മൽ സാബു എഡിറ്റിംഗും അശ്വിനി കാലേ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. സംഘട്ടനം ചേതൻ ഡിസൂസ. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്.

English Summary

Director Jithu Madhavan, known for Malayalam hits Romancham and Aavesham, is making his Tamil debut with Scene, starring Suriya. The title teaser reveals Suriya as DSP Inbaraj in a stylish action-comedy entertainer.


Business ⏭️

Back to top button