HEALTH
‘മകന് എ.ഡി.എച്ച്.ഡി സ്ഥിരീകരിച്ചതോടെ എന്റെ പ്രയോരിറ്റികൾ മാറി’; അവന് പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് വിനയ് ഫോർട്ട് | Actor Vinay Fort Opens Up About Son’s ADHD Diagnosis

ഒമ്പത് വയസുകാരനായ മകന് എ.ഡി.എച്ച്.ഡി (ADHD) സ്ഥിരീകരിച്ചതോടെ തന്റെ ജീവിതത്തിലെ മുൻഗണനകളെല്ലാം പൂർണ്ണമായി മാറിമറിഞ്ഞെന്ന് നടൻ വിനയ് ഫോർട്ട്. ട്വന്റിഫോർ ന്യൂസിന്റെ വെബ് സ്പെഷ്യൽ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം പിതാവ് എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചിന്തകളും പങ്കുവെച്ചത്. മകന്റെ രോഗനിർണ്ണയത്തിന് ശേഷമുള്ള കാലം തനിക്ക് പുതിയൊരു തിരിച്ചറിവായിരുന്നുവെന്നും, സ്വന്തം മകന്റെ സന്തോഷവും ഭാവിയുമാണ് ഇപ്പോൾ താൻ ജീവിതത്തിൽ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‘എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെയാണ് അവന് എ.ഡി.എച്ച്.ഡിയുണ്ടെന്ന് തിരിച്ചറിയുന്നത്. ആ ഒരു കണ്ടെത്തൽ എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചു. സാധാരണ കുട്ടികളെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധയും കരുതലും അവന് ആവശ്യമുണ്ട്. അവന്റെ ഈ അവസ്ഥ തിരിച്ചറിയുന്നതിന് മുമ്പ് ഞാൻ അവന്റെ വളർച്ചയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഇത്രയധികം ആഴത്തിൽ ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്ന് എന്റെ ജീവിതത്തിലെ സകല പ്രയോരിറ്റികളും മകന്റെ ഭാവിയെ കേന്ദ്രീകരിച്ചുള്ളതാണ്’ വിനയ് ഫോർട്ട് പറഞ്ഞു.താനൊരു പോസ്റ്റ് ഗ്രാജുവേറ്റ് ആണെങ്കിലും ഈ പ്രത്യേകാവസ്ഥകളെക്കുറിച്ചോ ന്യൂറോ ഡൈവേർജൻസിനെക്കുറിച്ചോ തനിക്ക് മുമ്പ് കാര്യമായ അറിവുകളുണ്ടായിരുന്നില്ലെന്ന് വിനയ് തുറന്നുപറയുന്നു. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് താൻ ഇപ്പോൾ ദിവസേന പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. മകന്റെ ജീവിതം സാധാരണ നിലയിലാക്കാനും, അവന് മികച്ച വിദ്യാഭ്യാസം നൽകി സ്വയം പര്യാപ്തനാക്കാനും, സന്തോഷം നിറഞ്ഞ ഒരു ജീവിതം കൊടുക്കാനുമാണ് താൻ ഇപ്പോൾ ജീവിക്കുന്നത്. മകന്റെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ലളിതമാക്കി കൊടുക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും വിനയ് വ്യക്തമാക്കി.ഇന്നത്തെ സമൂഹം ഇത്തരം അവസ്ഥകളുള്ള കുട്ടികളോട് പുലർത്തുന്ന സമീപനത്തെക്കുറിച്ചും വിനയ് ഫോർട്ട് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. തന്റെ ചെറുപ്പകാലത്ത് സ്കൂളുകളിൽ ഇത്തരത്തിലുള്ള കുട്ടികൾ ഉണ്ടായിരുന്നെങ്കിലും, അവരെ മനസ്സിലാക്കുന്നതിന് പകരം മടിയന്മാർ എന്ന് മുദ്രകുത്തുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യം തന്റെ മകന് ഉണ്ടാകരുത്. നിലവിലുള്ള സമൂഹം ഭൂരിഭാഗവും ന്യൂറോ ടിപ്പിക്കൽ ആയ ആളുകൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്യപ്പെട്ട ഒന്നാണെന്നും, അങ്ങനെയുള്ള ഒരിടത്ത് തന്റെ മകന് എങ്ങനെ സ്വാഭാവികമായി ജീവിക്കാൻ സാധിക്കുമെന്നാണ് താൻ നിരന്തരം ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്താണ് എഡിഎച്ച്ഡി? കുട്ടികളിലും ചിലപ്പോൾ മുതിർന്നവരിലും കണ്ടുവരുന്ന ഒരു നാഡീവ്യൂഹ വികസന തകരാറാണ് എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder). ഇത് മസ്തിഷ്കത്തിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഒരു കാര്യത്തിൽ മാത്രം ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, പെട്ടെന്ന് ശ്രദ്ധ തെറ്റിപ്പോവുക, നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതിരിക്കുക, നിത്യജീവിതത്തിലെ കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എങ്കിലും കുട്ടിക്കാലത്ത് തന്നെ ഇത് തിരിച്ചറിയാൻ കഴിഞ്ഞാൽ കൃത്യമായ തെറാപ്പികളിലൂടെയും പ്രത്യേക പരിശീലനങ്ങളിലൂടെയും ഈ അവസ്ഥയെ വലിയൊരു പരിധി വരെ നിയന്ത്രിക്കാനും കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാനും സാധിക്കും. സമൂഹത്തിൽ ഇപ്പോഴും ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ആവശ്യമാണെന്നതിന്റെ തെളിവാണ് ഇത്തരം തുറന്നുപറച്ചിലുകൾ. അടുത്തിടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഫഹദ് ഫാസിൽ, ഷൈൻ ടോം ചാക്കോ എന്നിവരും തങ്ങൾക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. താരങ്ങളുടെ ഇത്തരം വെളിപ്പെടുത്തലുകൾ മാനസിക ആരോഗ്യത്തെക്കുറിച്ചും ന്യൂറോ ഡൈവേർജൻസിനെക്കുറിച്ചും സമൂഹത്തിൽ കൂടുതൽ ചർച്ചകൾക്കും അവബോധത്തിനും വഴിയൊരുക്കും.
Life Style ⏭️


