വടി കൊടുത്ത് വാങ്ങിയ അടി, രമ്യയുടെ മധുരഗാനം

കൊവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറിനും പി.പി.ഇ കിറ്റിനുമൊക്കെ വൻ ഡിമാൻഡായിരുന്നുവെന്നത് സത്യമാണ്. പക്ഷേ, ജ്യൂസിനും അതുപോലെ ഡിമാൻഡുണ്ടായിരുന്നെന്ന കാര്യം ഇന്നലെ നിയമസഭയിൽ മന്ത്രി കെ.മുരളീധരൻ ചില കണക്കുകൾ അവതരിപ്പിച്ചപ്പോഴാണ് വ്യക്തമായത്. അന്നത്തെ മുഖ്യമന്ത്രിയും കുടുംബവും പാർട്ടി സെക്രട്ടറിയുമെല്ലാം ചേർന്ന് നാല് ലക്ഷത്തിന്റെ ജ്യൂസും ഭക്ഷണവും കഴിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിച്ചെന്ന് മാത്രമല്ല ആ കാശ് ഇപ്പോഴും കടമാണെന്ന് കൂടി പറഞ്ഞത് ഇത്തിരി കടന്നുപോയി. അതോടെ പ്രതിപക്ഷനേതാവ് പിണറായിവിജയനും അല്പം ചൊടിച്ചു. നാക്കിന് എല്ലില്ലെന്ന് കരുതി എന്തും പറയാൻ ശേഷിയുണ്ടെന്ന ധാരണയിൽ സംസാരിക്കരുതെന്ന് പിണറായി തിരിച്ചടിച്ചു. എസ്.എം.എ രോഗികളുടെ മരുന്നിനെച്ചൊല്ലി അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു കൊമ്പുകോർക്കൽ. അവിടം കൊണ്ടും അവസാനിച്ചില്ല പോര്. മരുന്നു വിതരണ കമ്പനിയായ നാറ്റ്കോയിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സി.പി.എം ഒന്നരക്കോടി വാങ്ങിയെന്ന മറ്റൊരു ആക്ഷേപം ഉന്നയിച്ച കെ.മുരളീധരൻ, പക്ഷേ, വടികൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി. ഇതേ കമ്പനിയിൽ നിന്ന് 12 കോടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൈപ്പറ്റിയതെന്നും അതാണ് ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമെന്നും കൂടി പിണറായി പറഞ്ഞതോടെ മുരളീധരന് ഉത്തരംമുട്ടി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞ ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ടാണ് മറുപടി പറഞ്ഞത്. യു.പിക്കാരനായ ദീപക് സിംഗാൾ വന്നാണോ ഇവിടത്തെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന ചോദ്യമുന്നയിച്ച പ്രതിപക്ഷത്തെ, കൊവിഡ് കാലത്ത് അയർലണ്ടിൽ നിന്നുള്ള വിദഗ്ദ്ധനെ കൊണ്ടുവന്നത് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി പ്രതിരോധം തീർത്തത്.
അത് നിങ്ങളുടെ ബോർഡ്
ശബരിമലയിലെ അരവണ ക്ഷാമവും ശർക്കര ക്ഷാമവുമൊക്കെ സവിസ്തരം പ്രതിപാദിച്ച് ഭരണപക്ഷത്തെ പ്രഹരിക്കാൻ ശ്രമിച്ച സി.പി.എം അംഗം ജനീഷ്കുമാർ, പക്ഷേ, ഓർത്തില്ല ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ നിയമിച്ചത് ആരാണെന്ന കാര്യം. അപ്പവും അരവണയും പ്രസാദവുമില്ലെങ്കിൽ കുറ്റം സർക്കാരിന്റേതല്ല, നിങ്ങൾ നിയമിച്ച ദേവസ്വം ബോർഡിന്റേതാണെന്ന് ഒരു മയവുമില്ലാതെയാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. ഏതായാലും ശബരിമല ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയും അവിടെതന്നെ കാണുമെന്ന മുനവച്ച പരാമർശം കൂടി അദ്ദേഹം നടത്തി.
നിയമസഭയിലായാലും പുറത്ത് പൊതുയോഗത്തിലായാലും മൈക്ക് കണ്ടാൽ കോൺഗ്രസ് അംഗം രമ്യഹരിദാസ് അറിയാതെ പാടിപ്പോവും. പ്രേംനസീർ കൾച്ചറൽ അക്കാഡമിയെ ചലച്ചിത്ര അക്കാഡമിയുടെ റീജിയണൽ സെന്ററായി ഉപയോഗപ്പെടുത്താനുള്ള നടപടി ആവശ്യപ്പെട്ട് സബ്മിഷൻ അവതരിപ്പിക്കുമ്പോഴായിരുന്നു രമ്യയുടെ ഗാനാലാപനം. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്….. അനശ്വര നടൻ പ്രേംനസീർ പാടി അഭിനയിച്ച രണ്ടുഗാനങ്ങളുടെ ഓരോ വരിയിൽ രമ്യഹരിദാസ് പാട്ടൊതുക്കി.




