BUSINESS
ആശ്വാസമായി 35 രൂപയ്ക്ക് സവാളയെത്തി, നാസിക്കിൽ നിന്ന് കേരളത്തിലെത്തിയത് 20 ടൺ

തിരുവനന്തപുരം∙ ഹോർട്ടികോർപ് വിൽപനശാലകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽപന തുടങ്ങി. കൃഷി, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ ഇടപെടലിന്റെ ഭാഗമായി നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി നാസിക്കിൽനിന്ന് ആദ്യഘട്ടത്തിൽ 20 ടൺ സവാള കേരളത്തിലെത്തിച്ചു. ഇതിൽ 10 ടൺ വടക്കൻ മലബാറിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമുള്ളതാണ്. ഇന്നലെ നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു. ഹോർട്ടികോർപ് വിൽപനശാലകൾക്കു പുറമേ മൊബൈൽ ഔട്ലെറ്റുകൾ വഴിയും വിൽപന നടത്തും. സപ്ലൈകോ വഴിയുള്ള വിതരണത്തിനും നടപടികൾ ആരംഭിച്ചു.ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ എത്തിയതിനു പിന്നാലെ 30 ടൺ കൂടി ഇന്ന് കേരളത്തിലെത്തും. 100 ടൺ സവാള എത്തിക്കാനാണ് സർക്കാർ തീരുമാനം. പാളയം ഹോർട്ടികോർപ് വിപണിയിൽ നടന്ന സംസ്ഥാനതല വിതരണത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പൂഴ്ത്തിവയ്പും അനധികൃത ഇടപെടലുകളും തടയാൻ പരിശോധന ശക്തമാക്കുമെന്നും എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിതരണ ശൃംഖല ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Travel ⏭️


