NEWS
കേരള സർവകലാശാല: പി.ജി പരീക്ഷകൾ മലയാളത്തിൽ എഴുതാം

തിരുവനന്തപുരം: ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മലയാളത്തിൽ പരീക്ഷ എഴുതാൻ കേരള സർവകലാശാല അനുമതി നൽകി. അക്കാഡമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനം. പരീക്ഷ സംബന്ധിച്ച സിൻഡിക്കേറ്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് അക്കാഡമിക് കൗൺസിൽ തീരുമാനമെടുത്തത്. മലയാളത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭാഷ ഏതാണെന്ന് വ്യക്തമാക്കണം. മലയാളം തിരഞ്ഞെടുത്തവർക്ക് താത്പര്യമുണ്ടെങ്കിൽ ഇംഗ്ലീഷിൽ പരീക്ഷ എഴുതാനും അനുമതിയുണ്ടാവും. എന്നാൽ ഒരു പരീക്ഷ ഒരു ഭാഷയിൽ മാത്രമേ എഴുതാൻ പാടുള്ളൂ.


