ചൂട് കൂടുന്നു; പാമ്പുകൾ വീട്ടിലെ ഈ സ്ഥലങ്ങളിൽ ഒളിച്ചിരിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രതീകാത്മകചിത്രം
സംസ്ഥാനത്ത് ചൂട് കടുത്തതോടെ വീടുകളിലും പരിസരങ്ങളിലും പാമ്പ് എത്തുന്നതാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്. ശീതരക്ത ജീവികളായ പാമ്പുകൾ ചൂടുകൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിലെത്തും. ചൂട് കൂടുമ്പോൾ വീട്ടുവളപ്പിലെ ചെടിച്ചട്ടികൾ, കുളിമുറികൾ, നനവുള്ള ഭാഗങ്ങൾ എന്നിവയ്ക്ക് അരികെ പാമ്പുകൾ നിലയുറപ്പിക്കുന്നു. അതിനാൽ ഏറെ ജാഗ്രത പാലിക്കണം.
വീടിന്റെ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ, മരക്കഷ്ണങ്ങൾ കൂട്ടിയിട്ട സ്ഥലം, ഇലകൾ കൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പാമ്പ് പതിയിരിക്കാൻ സാദ്ധ്യത ഏറെയാണ്. അതിനാൽ അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം. കൂടാതെ മാലിന്യങ്ങൾ ഇത്തരത്തിൽ കൂട്ടിയിടാതെ ഇരിക്കാൻ ശ്രദ്ധിക്കുക. മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ചെറിയ മൃഗങ്ങൾ, പ്രാണികൾ, എലികൾ എന്നിവ പലപ്പോഴും എത്തുന്നു. ഇവയെ ഭക്ഷണമാക്കാൻ അതിന് സമീപം പാമ്പും അഭയം തേടാറുണ്ട്.
ഇന്ത്യയിൽ പാമ്പുകടി ഏൽക്കുന്നത് ഭൂരിഭാഗവും രാത്രിയിൽ പുറത്തുവച്ചാണ്. അതിനാൽ രാത്രി സഞ്ചരിക്കുമ്പോൾ വെളിച്ചവുമായി സഞ്ചരിക്കാൻ ശ്രമിക്കുക. വീടിലുള്ള വാതിലുകളുടെയും ജനലുകളുടെയും അടിയിലെ വിള്ളുകൾ, പൈപ്പ് ലൈനുകൾ എന്നിവ വഴി പാമ്പുകൾ അകത്തുകടക്കാൻ സാദ്ധ്യത ഏറെയാണ്. ഇവ അടച്ച് സുരക്ഷ ഉറപ്പാക്കണം. വീടിനുള്ളിലോ പുറത്തോ പാമ്പിനെ കണ്ടാൽ പാമ്പ് പിടിത്തക്കാരെയോ വനംവകുപ്പിലോ ബന്ധപ്പെടുക. സ്വന്തമായി പാഫിനെ പിടിക്കാനോ തുരത്താനോ ശ്രമിക്കുന്നത് വലിയ അപകടമാണ്.
കൂടാതെ നനവുള്ള പ്രദേശത്ത് കഴിയാൻ പാമ്പുകൾ ആഗ്രഹിക്കുന്നു. വീട്ടിലെ ചെടികൾക്കടിയിൽ എപ്പോഴും തണുപ്പ് നിലനിൽക്കുന്നു. അവിടെ അഭയം തേടാൻ പാമ്പുകൾ മടിക്കാറില്ല. അതിനാൽ ചെടിയുടെ അടുത്തേക്ക് പോകുമ്പോൾ ഏറെ ശ്രദ്ധ വേണം. ഉയർന്ന പുല്ലുകൾ നിങ്ങളുടെ പുന്തോട്ടത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ വെട്ടിമാറ്റുന്നതും നല്ലതാണ്. അവിടെയും പാമ്പ് അഭയം തേടാം.
English Summary
As temperatures rise across Kerala, snakes may seek cooler, damp and sheltered places around homes and residential areas. They can hide near plant pots, bathrooms, piles of leaves, wood, garbage and tall grass. People are advised to keep their surroundings clean, seal gaps around doors, windows and pipes, and use a torch when walking outside at night.
RELATED TOPICS: SNAKE ALERT, SNAKES IN HOMES, SUMMER SNAKE SAFETY, SNAKE BITE PREVENTION, KERALA HEAT
News ⏭️


