പാലക്കാട്ടെ മീൻവല്ലം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; രാത്രിയിലും തെരച്ചിൽ

നാട്ടുകാരും ഫയർഫോഴ്സും കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ നടത്തുന്നു.
പാലക്കാട്: മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 18കാരനെ തുപ്പനാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗർ സ്വദേശി സഫലിൽ സുബൈറിന്റെ മകൻ അഹ്മദ് ഇസയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം മീൻവല്ലം സന്ദർശിക്കാനെത്തിയ അഹ്മദ് ഇസ പുഴയിൽ കുളിക്കാനിറങ്ങിയിരുന്നു.
ഇതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. കൂട്ടുകാരനെ കാണാതായതോടെ സുഹൃത്തുക്കൾ സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരും കോങ്ങാട് ഫയർഫോഴ്സും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. എന്നാൽ രാത്രിയിലും തെരച്ചിൽ തുടർന്നെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.
മീൻവല്ലം പവർ സ്റ്റേഷനിലെ ചെക്ക് ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നതിനാൽ പുഴയിലെ ഒഴുക്ക് ശക്തമായിരുന്നു. പാറക്കെട്ടുകളും ചെറിയ തുരങ്കങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. പാറകളിൽ വേരുകൾ പടർന്നുകിടന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഇരുട്ടും ശക്തമായ ഒഴുക്കും കാരണം പിന്നീട് തെരച്ചിൽ നിർത്തിവച്ചു. നാളെ സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary
Brief Summary An 18-year-old student, Ahmad Isa, went missing after being swept away by strong currents while bathing in the Thuppanad River near Meenvallam Waterfalls in Palakkad. He had arrived at the spot with his friends. Local residents, the fire and rescue team, and police conducted a search late into the night but could not find him.


