NEWS

വീണ്ടും ഇറാനെ ലക്ഷ്യമിട്ട് യുഎസ്; ഇറാൻ സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം


ടെഹ്റാൻ/ വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. കപ്പൽ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ആക്രമണം. ഇറാനുനേർക്കു ചൊവ്വാഴ്ച ആക്രമണമുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ തയാറാക്കിയ റഡാറുകളും മിസൈലുകൾ വിക്ഷേപിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം.പ്രതിരോധ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുന്നത് തടയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് ശേഷമാണ് ഈ ആക്രമണങ്ങളുണ്ടായത്. നേരത്തേ ഹോർമുസ് കടലിടുക്കിലൂടെ പോയ വാണിജ്യ കപ്പലുകൾക്കു നേരെയും ഇവിടെ വിന്യസിച്ചിരുന്ന യുഎസ് നാവികർക്കുനേരെയും ഇറാൻ റവല്യൂഷനറി ഗാർഡ് ആക്രമണ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഇറാൻ സൈനിക കേന്ദ്രങ്ങൾ യുഎസ് ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടവും അടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല.


Fashion ⏭️

Back to top button