ഉരുളക്കിഴങ്ങിൽ മുള വന്നോ? കളയേണ്ട… ഇങ്ങനെ ചെയ്തുനോക്കൂ, വീട്ടിൽ തന്നെ നല്ല വിളവ് നേടാം!

പ്രതീകാത്മക ചിത്രം
സാധാരണയായി ഉരുളക്കിഴങ്ങിൽ മുള വന്നാൽ സാധാരണയായി അത് ഉപയോഗിക്കാതെ കളയുകയാണ് പതിവ്. മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ വിഷാംശം അടങ്ങിയിട്ടുള്ളതായാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ മുളവന്ന ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇനി മുള പൊട്ടിയ ഉരുളക്കിഴങ്ങ് വലിച്ചെറിയുന്നതിന് പകരം വീട്ടിൽ തന്നെ കൃഷി ചെയ്താലോ? ഗ്രോബാഗിലോ വലിയ ചട്ടിയിലോ പോലും വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ സാധിക്കും. കൃഷിക്കായി ആരോഗ്യമുള്ളതും നല്ല രീതിയിൽ മുള വന്നതുമായ ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉരുളക്കിഴങ്ങിന് ഒന്നിലധികം മുളകൾ ഉണ്ടെങ്കിൽ, ഓരോ കഷണത്തിലും ഒന്നോ രണ്ടോ ശക്തമായ മുളകൾ വീതം ഉണ്ടാകുന്ന രീതിയിൽ മുറിച്ചെടുക്കാം. മുറിച്ചെടുത്ത കഷ്ണങ്ങൾ ഉടൻ മണ്ണിൽ നടുന്നതിന് കുറച്ചുസമയം സൂക്ഷിച്ചതിനുശേഷം മണ്ണിലേക്ക് മാറ്റാം.
മണ്ണ് എങ്ങനെ തയ്യാറാക്കാം?
വെള്ളം കെട്ടിനിൽക്കാത്ത ജൈവവളം കലർന്ന മണ്ണാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യം. മണ്ണിനൊപ്പം ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ചേർക്കാം. ഗ്രോബാഗിന്റെ അടിഭാഗത്ത് വെള്ളം പുറത്തേക്ക് പോകുന്നതിനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുള മുകളിലേക്ക് വരുന്ന രീതിയിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ മണ്ണിൽ നടാം. അധികം ആഴത്തിൽ നടേണ്ടതില്ല. മണ്ണ് നനവുള്ളതായി സൂക്ഷിക്കണം. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
ചെടി വളരുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചെടി വളർന്ന് മുകളിലേക്ക് വരുന്നതിനനുസരിച്ച് ചുവട്ടിൽ വീണ്ടും മണ്ണ് ചേർത്തുകൊടുക്കണം. ദിവസവും കുറച്ച് മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ചെടിയുടെ ഇലകൾ മഞ്ഞനിറമാകുകയും ചെടി ഉണങ്ങാൻ തുടങ്ങുകയും ചെയ്താൽ വിളവെടുപ്പിന് സമയമായെന്നതിന്റെ സൂചനയാണ്. അപ്പോൾ മണ്ണ് പതുക്കെ നീക്കി താഴെ രൂപപ്പെട്ട ഉരുളക്കിഴങ്ങുകൾ ശേഖരിക്കാം.
അടുക്കളയിൽ ഉപയോഗിക്കാൻ കഴിയാതെ മുളച്ചുപോയ ഉരുളക്കിഴങ്ങിനെ വെറുതെ കളയുന്നതിന് പകരം ഇത്തരത്തിൽ കൃഷിക്ക് ഉപയോഗിച്ചാൽ വീട്ടിൽ തന്നെ ചെറിയൊരു പച്ചക്കറിത്തോട്ടം ഒരുക്കാം.
English Summary
Sprouted potatoes are often discarded because they may contain glycoalkaloids such as solanine and chaconine, which can be harmful in excessive amounts. Instead of consuming them, sprouted potatoes can be used for home cultivation. Plant them in well-drained, organic-rich soil in grow bags or pots, provide sunlight and adequate moisture, add soil as plants grow, and harvest when foliage turns yellow.
RELATED TOPICS: SPROUTED POTATO, POTATO FARMING, HOME GARDENING, POTATO CULTIVATION, GROW POTATOES AT HOME
News ⏭️


