CINEMA

രശ്‌മികയുടെ ‘മിസ്റ്റർ ഷോ ഓഫ്’ പരാമർശം; മറുപടിയുമായി യഷ്


രശ്‌മിക മന്ദാന, യഷ്

നടി രശ്‌മിക മന്ദാനയുടെ വിവാദപരാമർശത്തിൽ പ്രതികരണവുമയി നടൻ യഷ്. 2017ൽ ഒരു ടെലിവിഷൻ പരിപാടിക്കിടെ രശ്‌മിക തനിക്കെതിരെ നടത്തിയ മിസ്റ്റർ ഷോ ഓഫ് എന്ന പരാമർശത്തിലായിരുന്നു യഷിന്റെ പ്രതികരണം. ആപ് കി അദാലത്ത് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് 2017ൽ രശ്‌മിക നടത്തിയ പരാമർശത്തെക്കുറിച്ച് യഷ് പ്രതികരിച്ചത്.

കന്നഡ സിനിമയിലെ മിസ്റ്റർ ഷോ ഓഫ് ആരാണെന്ന ചോദ്യത്തിന് റാപിഡ് റൗണ്ടിൽ യഷിന്റെ പേരാണ് രശ്‌മിക പറഞ്ഞത്. എന്നാൽ എന്തർത്ഥത്തിലാണ് രശ്‌മിക അന്നങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നാണ് യഷിന്റെ പ്രതികരണം. ടെലിവിഷൻ പരിപാടികളിൽ അവതാരകർ പെട്ടെന്ന് ഉത്തരം നൽകാൻ സമ്മർദം നൽകിയതുകൊണ്ടാകാം രശ്‌മിക അത്തരത്തിൽ മറുപടി നൽകിയതെന്നും യഷ് പറയുന്നു.

‘അവർ ഏതർത്ഥത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. അവർ അന്ന് പുതിയ ആളായിരുന്നു. ചില ടെലിവിഷൻ പരിപാടികളിൽ അവതാരകർ മൂന്നോ നാലോ ഓപ്‌ഷനുകൾ നൽകും. അതിൽ ആ ഓപ്‌ഷനാകും അനുയോജ്യമെന്ന് അവർ കരുതിയിരിക്കാം’- യഷ് പറഞ്ഞു.

അതേസമയം മറ്റൊരാളുടെ അഭിപ്രായം തന്റെ വ്യക്തിത്വത്തെ മാറ്റില്ലെന്നും യഷ് വ്യക്തമാക്കി. ‘ഒരാൾക്ക് നിങ്ങളെക്കുറിച്ച് എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാൽ, മറ്റൊരാളുടെ അഭിപ്രായം തന്റെ വ്യക്തിത്വത്തെ മാറ്റില്ല. അത് മറ്റൊരാളുടെ അഭിപ്രായത്തിനനുസരിച്ച് മാറില്ല. എന്നെ സ്‌നേഹിക്കുന്നവർക്ക് ഞാനാരാണെന്ന് അറിയാം’- യഷ് പറഞ്ഞു.

വിവാദപരാമർശം നടത്തിയതിനുപിന്നാലെ വലിയ സൈബർ ആക്രമണങ്ങളാണ് യഷ്‌ ആരാധകരിൽനിന്ന് രശ്‌മിക നേരിടേണ്ടിവന്നത്. അത്തരക്കാർക്കെതിരെ അന്നുതന്നെ യഷ് രംഗത്തെത്തിയിരുന്നു. മറ്റൊരു നടനെ ബഹുമാനിക്കാത്തൊരാൾ തന്റെ ആരാധകനല്ലെന്നാണ് യഷിന്റെ നിലപാട്.


Business ⏭️

Back to top button