38 വർഷങ്ങൾക്ക് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി ക്യാമറയ്ക്ക് മുന്നിൽ; ഒപ്പം മകൾ കല്യാണിയും

ലിസിയും പ്രിയദർശനും.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലൂടെയാണ് ലിസിയുടെ വമ്പൻ തിരിച്ചുവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലിസിയുടെ മടങ്ങിവരവ്. ലിസിക്കും പ്രിയദർശനുമൊപ്പം മകളും നടിയുമായ കല്യാണി പ്രിയദർശനും ഒപ്പമുണ്ട്. തമിഴ് നടൻ പ്രഭുവും പരസ്യചിത്രത്തിൽ വേഷമിടുന്നുണ്ട്.
1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ലിസി പ്രിയദർശന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെയാണ് ലിസി നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ച് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
1990ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ലിസി സിനിമാ ലോകത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു. 26 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ൽ ഇവർ വേർപിരിഞ്ഞെങ്കിലും, അടുത്തിടെ തങ്ങൾ വീണ്ടും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയെന്ന ഇരുവരും പങ്കുവച്ചിരുന്നു.
പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുള്ള ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സെറ്റിൽ മകൾ കല്യാണി അമ്മ ലിസിയെ കെട്ടിപ്പിടിക്കുന്ന നിമിഷങ്ങളും പ്രിയദർശനെ ചേർത്തുപിടിച്ച് ലിസി തിരക്കഥ ചർച്ച ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം.
Source link


