പ്രതിവർഷം ലഭിക്കുന്നത് 10 ക്വിന്റൽ കുരുമുളക്, കറുത്ത പൊന്ന് വിളയിച്ച് കർഷകൻ

സജി തോട്ട്ത്തിൽ
വെള്ളരിക്കുണ്ട്: മൂന്നര ഏക്കർ ഭൂമിയിലെ മരങ്ങൾ വട്ടപ്പാറ വീട്ടിൽ സജി എന്ന കർഷകന് പ്രതിവർഷം നൽകുന്നത് 10 ക്വിന്റൽ കുരുമുളക്. വെള്ളരിക്കുണ്ടിനടുത്ത പുന്നക്കുന്നിലാണ് 54 കാരനായ കർഷകൻ കഴിഞ്ഞ 40 വർഷമായി കുരുമുളക് കൃഷിയിൽ വിസ്മയം തീർക്കുന്നത്.
എല്ലാ കാലാവസ്ഥകളോടും ഇണങ്ങുന്ന പന്നിയൂർ 5, ചീരാൻ കുഴി, കുമ്പുകൽ, അറക്കളം മുണ്ടി. കരിമുണ്ട… തുടങ്ങി വിവിധ ഇനങ്ങൾ സജിയുടെ പറമ്പിലെ മരങ്ങളിൽ തഴച്ചു വളരുകയാണ്. അഞ്ചേക്കർ കൃഷി ഭൂമി ഉള്ള സജി വട്ടപ്പാറയുടെ തോട്ടത്തിൽ കുരുമുളക് വള്ളിയില്ലാത്ത ഒറ്റമരങ്ങൾ പോലും ഇല്ല. തെങ്ങിലും കവുങ്ങിലും മാവിലും പ്ലാവിലും എന്നുവേണ്ട സകല പാഴ് മരങ്ങളിലും തഴച്ചുവളർന്നു നിൽക്കുന്ന കുരുമുളക് തൈകൾ, കൃഷിയോട് താല്പര്യമുള്ള ഏതൊരാളിലും അസൂയ ഉളവാക്കും.
ബളാൽ കൃഷി ഭവൻ പരിധിയിലാണ് പഞ്ചായത്തിനു പോലും അഭിമാനമായ സജിയുടെ ഈ കുരുമുളക് തോട്ടം.
കുത്തനെയുള്ള കൃഷി ഭൂമിക്ക് ചാരുത പകർന്ന് വെള്ളത്തിന്റെ ഒഴുക്കുമുണ്ട്. കൃഷിതോട്ടത്തിന്റെ നടുവിലും അതിരുകളിലും പ്രകൃതി ഒരുക്കിയ വെള്ളത്തിന്റെ ഉറവിടങ്ങളും ഉണ്ട്. അതിനാൽ വേനലിൽ കുരുമുളകിന് നനക്കാനും സാധിക്കുന്നു.. മാത്രവുമല്ല കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ശേഷം, വേനലിൽ സമീപത്തെ ആളുകൾക്കും സജി വെള്ളം നൽകി മാതൃകകാട്ടുന്നു. ബളാൽ കൃഷി ഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും നല്ല കുരുമുളക് കർഷകനായി സജിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഭാര്യ രമയുടെ പൂർണ്ണ പിന്തുണ കൂടി സജിക്കുണ്ട്. മൂന്ന് പെൺമക്കളിൽ മൂത്ത മകൾ സജിന സജി ഇലക്ട്രോണിക് എൻജിനീയറും രണ്ടാമത്തെ മകൾ രജിന സജി ഫിസിയോ തെറാപ്പിസ്റ്റും മൂന്നാമത്തെ മകൾ അഭിനന്ദന സജി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയുമാണ്.
RELATED TOPICS: BLACK PEPPER, PEPPER FARMOING, AGRICULTURE, KERALA AGRICULTURE, BLZCK GOLD
News ⏭️


