NEWS
വിഴിഞ്ഞം വഴി ലോകവിപണിയിലേക്ക്! എക്സിം സർവീസുകൾക്ക് നാളെ തുടക്കം; കേരളത്തിന്റെ മുഖഛായ മാറ്റാൻ ‘മിഷൻ സമുദ്ര’

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായാണു പദ്ധതി കണക്കാക്കപ്പെടുന്നത്. നാളെ രാവിലെ 10.45നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ മിഷൻ സമുദ്രയും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന ‘സ്മാർട്ട് സിറ്റി’ എന്ന കാഴ്ചപ്പാടിലാണു മിഷൻ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.പാശ്ചാത്യ വിപണികളിലേക്കു കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്കു കയറ്റി അയച്ചിരുന്നവർക്കു ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും. ഇത് യാത്രാസമയവും ലോജിസ്റ്റിക്സ് ചെലവുകളും കുറയ്ക്കും. കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു പുതിയ വിദേശ വിപണികളിലേക്കു പ്രവേശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. എക്സിം സേവനങ്ങൾ ആരംഭിക്കുന്നത് ഈ മേഖലയിൽ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയുടെ അതിവേഗ വളർച്ചയ്ക്ക് വഴിയൊരുക്കും.റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വൻകിട കയറ്റുമതികൾ കൂടുതലും വിഴിഞ്ഞം വഴിയാകും. 20 മുതൽ 24 മീറ്റർ വരെ അസാധാരണമായ സ്വാഭാവിക ആഴമുള്ള ഈ തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. കൂടാതെ, കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഗതിയെ തന്നെ മാറ്റിയെഴുതുമെന്ന് വിലയിരുത്തപ്പെടുന്നു.
Fashion ⏭️


