‘പാകിസ്ഥാനിലേക്ക് പോകണം’, സ്കൂൾ മാനേജരുടെ ശബ്ദസന്ദേശം വിവാദത്തിൽ

1
മാള (തൃശൂർ): ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരും മാനേജിംഗ് കമ്മിറ്റി ചെയർമാനുമായ ഡോ. രാജു ഡേവിസ് പുറത്തുവിട്ട ശബ്ദസന്ദേശം വിവാദത്തിൽ. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് സംഘടിപ്പിച്ച ആഘോഷത്തിൽ കുറച്ച് വിദ്യാർത്ഥികൾ വിട്ടുനിന്നതിലുള്ള അനിഷ്ടം പ്രകടിപ്പിച്ചാണ് സന്ദേശം. പരിപാടിയിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികൾ അടുത്ത പ്രവൃത്തിദിവസം ഒന്നാം പിരീഡ് പുറത്ത് നിൽക്കണം. സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കുട്ടികളെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നുമാണ് ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്.
സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയ സന്ദേശം പിന്നീട് പുറത്തുള്ള ഗ്രൂപ്പുകളിലേക്കും പ്രചരിച്ചു.
പ്രതിഷേധമുയർന്നതോടെ,പാകിസ്ഥാൻ എന്ന പ്രയോഗം ശത്രുരാജ്യമെന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്നും മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും വ്യക്തമാക്കി മാനേജർ വീണ്ടും ശബ്ദസന്ദേശം അയച്ചു. തെറ്റിദ്ധാരണയ്ക്ക് ഇടയായതിൽ ഖേദവും പ്രകടിപ്പിച്ചു.
അവധിദിനമായതിനാൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പങ്കെടുത്തില്ല. സ്കൂൾ ബസ് ഉൾപ്പെടെ പതിവ് സർവീസുകൾ നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ എത്താതിരുന്നതാണ് ചെയർമാനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ എസ്.ഡി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മാള പൊലീസിൽ പരാതി നൽകി. വിഷയത്തിൽ ഇന്ന് എസ്.എഫ്.ഐ,കെ.എസ്.യു സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.


