NEWS
അനുമതി നിഷേധിച്ചപ്പോൾ നിർത്തിയിട്ട ലോറി വേദിയാക്കി; മുംബൈയിൽ സിജെപി ജയിൽനിറയ്ക്കൽ സമരം ആരംഭിച്ചു

മുംബൈ∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷനർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജയിൽ നിറയ്ക്കൽ സമരം മുംബൈയിൽ ആരംഭിച്ചു. ശിവാജി പാർക്കിൽ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോറിയിൽ താൽക്കാലിക വേദി നിർമിച്ചാണ് പ്രതിഷേധം. ശിവാജി പാർക്കിന്റെ ആറാം നമ്പർ ഗേറ്റിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഗ്യാനേഷ് കുമാറിനെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ട്. ലോറിയിലെ വേദിയിൽനിന്നാവും അഭിജീത് ദിപ്കെ പ്രവർത്തകരെ അഭിസംബോധന ചെയ്യുക. ഡൽഹിയിലെ പ്രക്ഷോഭത്തിനു സമാനമായി വിവിധ സംസ്ഥാനങ്ങളിൽനിന്നു വിദ്യാർഥികൾ ഇവിടേക്കു പ്രതിഷേധിക്കാൻ എത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സിജെപി ലക്ഷ്യമിടുന്നത്.’ഗദ്ദാർ ഗ്യാനു മസ്റ്റ് ഗോ’ സിജെപി പ്രതിഷേധത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സിനിമ സംഭാഷണങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി. ‘ഗദ്ദാർ ഗ്യാനു മസ്റ്റ് ഗോ’ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പ്രവർത്തകരും വിവിധ സംഘടനകളിലെ യുവാക്കളും മുംബൈയിൽ സിജെപി സമര സ്ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്. വൈകുന്നേരം 4 മണിക്കാണ് പ്രകടനം നിശ്ചയിച്ചിരുന്നതെങ്കിലും മണിക്കൂറുകൾക്ക് മുൻപേ സിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Fashion ⏭️




