HEALTH
ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണം നെഞ്ച് വേദന മാത്രമല്ല; ശരീരം നൽകുന്ന ഈ ‘നിശബ്ദ’ മുന്നറിയിപ്പുകൾ അവഗണിക്കരുത്

ഹൃദയാഘാതം എന്നാൽ പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയോ അസഹ്യമായ നെഞ്ചുഞെരുക്കമോ മാത്രമായിരിക്കണമെന്നില്ലെന്ന് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകാറുണ്ട്. പലരിലും, പ്രത്യേകിച്ച് സ്ത്രീകളിലും പ്രമേഹബാധിതരിലും പ്രായമായവരിലും, ഹൃദയാഘാതം തീർത്തും അവഗണിക്കപ്പെടാൻ സാധ്യതയുള്ള ചില ‘നിശബ്ദ’ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്.നെഞ്ചുവേദനയ്ക്ക് പുറമെ ആളുകൾ നിസ്സാരമായി തള്ളിക്കളയാൻ സാധ്യതയുള്ള ചില പ്രധാന പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്: കാരണമില്ലാത്ത കടുത്ത ക്ഷീണം: നല്ല ഉറക്കത്തിന് ശേഷവും അല്ലെങ്കിൽ സാധാരണ ചെയ്യുന്ന ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും അമിതമായ തളർച്ചയും ഊർജ്ജമില്ലായ്മയും അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാകാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് : നടക്കുമ്പോഴോ വിശ്രമിക്കുമ്പോഴോ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുക. മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുന്ന അസ്വസ്ഥത: വേദന നെഞ്ചിൽ മാത്രമായി ഒതുങ്ങാതെ താടിയെല്ല്, കഴുത്ത്, പുറം, തോളുകൾ, അല്ലെങ്കിൽ ഇടത് കൈ എന്നിവിടങ്ങളിലേക്ക് പടരുന്നത്. ദഹനക്കേടും അസിഡിറ്റിയും പോലുള്ള തോന്നൽ: വയറ്റിൽ എരിച്ചിലോ തുടർച്ചയായ ഓക്കാനമോ വരുന്നത് സാധാരണ ഗ്യാസ്ട്രബിളാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. കാരണമില്ലാതെ വിയർക്കൽ : തണുത്ത അന്തരീക്ഷത്തിലോ ആയാസമില്ലാത്ത സാഹചര്യത്തിലോ അമിതമായി വിയർക്കുന്നത്. തലകറക്കം അല്ലെങ്കിൽ ബോധക്ഷയം: തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള തലകറക്കം.ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുകയോ സാധാരണയിൽ കവിഞ്ഞ് അനുഭവപ്പെടുകയോ ചെയ്താൽ ഗ്യാസോ മറ്റ് സാധാരണ അസുഖങ്ങളോ ആയി തെറ്റിദ്ധരിച്ച് വീട്ടിലിരിക്കാതെ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. ഹൃദയാഘാതവുമായി ബന്ധപ്പെട്ട അടിയന്തര ഘട്ടങ്ങളിൽ ആദ്യത്തെ ഒരു മണിക്കൂർ (ഗോൾഡൻ അവർ) അത്യന്തം നിർണായകമാണ്. എന്നാൽ നെഞ്ചുവേദന ഇല്ലാത്ത അവസ്ഥയിൽ പലരും ഇതിനെ നിസ്സാരമായ പേശിവേദനയോ ഗ്യാസ്ട്രബിളോ ആയി തെറ്റിദ്ധരിച്ച് സമയം പാഴാക്കാറുണ്ട്. ഈ കാലതാമസം ഹൃദയപേശികൾക്ക് മാറ്റാനാവാത്ത കേടുപാടുകൾ വരുത്താനും ജീവന് തന്നെ ഭീഷണിയാകാനും ഇടയാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളുള്ളവർ ഇത്തരം അസ്വാഭാവിക ശാരീരിക ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഇസിജി, കാർഡിയാക് എൻസൈം ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകണം. നേരത്തെയുള്ള കണ്ടെത്തലും കൃത്യസമയത്തുള്ള ചികിത്സയും വഴി ഹൃദയാഘാതം മൂലമുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.
Life Style ⏭️


