NEWS
‘കണ്ടാൽ പറയില്ലെങ്കിലും ഞങ്ങൾ നന്നായി മുന്നോട്ടുപോകുന്നു’; കിം ജോങ് ഉൻ നൻപനെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി താൻ ഇപ്പോഴും വളരെ നല്ല സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിമ്മിനൊപ്പമുള്ള തന്റെ പഴയ ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചാണ് ട്രംപിന്റെ പുതിയ പരാമർശം.‘‘ഈ ചിത്രത്തിൽ ഞങ്ങൾ രണ്ടുപേരും ഒട്ടും സൗഹൃദമില്ലാത്ത രീതിയിലാണ് നോക്കുന്നതെങ്കിലും, ഞങ്ങൾ രണ്ടുപേരും ചിരിച്ചുനിൽക്കുന്ന നിരവധി ചിത്രങ്ങൾ വേറെയുമുണ്ട്. കിം ജോങ് ഉന്നും ഞാനും വളരെ നല്ല സൗഹൃദത്തിലാണ്’’ – ട്രംപ് കുറിച്ചു.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന സൈനികാഭ്യാസത്തെ ഉത്തരകൊറിയ കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. സൈനികാഭ്യാസം കൊറിയൻ ഉപദ്വീപിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള ഉൾച്ചി ഫ്രീഡം ഷീൽഡ് എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 27 വരെയാണ് നടക്കുന്നത്. ഉത്തരകൊറിയയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പ്രതിരോധിക്കുന്നതിനായി, ഡ്രോൺ ആക്രമണങ്ങൾ തടയുക, ജിപിഎസ് തടസപ്പെടുത്തൽ, സൈബർ ആക്രമണങ്ങൾ എന്നിവ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങൾ എന്നിവയാണ് സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Fashion ⏭️


