LIFESTYLE

സ്വസ്ഥം, സുന്ദരം; കണ്ടിട്ട് താമസിക്കാൻ കൊതിയാകുന്നു: 31-ാം നിലയിലെ ജീവിതം വിവരിച്ച് യുവതി


അപ്പാർട്ട്മെൻ്റ് ജീവിതം ഇന്ന് ഏതൊരു നഗരത്തിലും പുതുമയല്ല. നഗരങ്ങളിലെ സ്ഥലപരിമിതിയും ഒറ്റപ്പെട്ട വീടുകൾ പരിപാലിക്കാനുള്ള സമയക്കുറവുമൊക്കെയാണ് ഭൂരിഭാഗം ആളുകളെയും അപ്പാർട്ട്മെന്റുകൾ തന്നെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇത്തരം അമ്പരചുംബികളിൽ മുകൾ നിലകളിൽ താമസമാക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിലേക്ക് എത്താനുള്ള ബുദ്ധിമുട്ട്, വൈദ്യുതി തടസ്സപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ കണക്കിലെടുത്ത് ജീവിതം ദുസ്സഹമാകുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിന്റെ 31ാം നിലയിലെ ജീവിതം അങ്ങേയറ്റത്തെ ലക്ഷ്വറിയാണെന്ന് വിവരിച്ചുകൊണ്ട് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.ഫൽഗുനി ഗുപ്ത എന്ന യുവതിയാണ് നഗരത്തിലെ ഉയരംചെന്ന കെട്ടിടങ്ങളിലൊന്നിൽ സന്തോഷത്തോടെ എങ്ങനെയാണ് സമയം ചിലവിടുന്നതെന്ന് വിവരിച്ചിരിക്കുന്നത്. ഫൽഗുനി ഈ വീട് വാടകയ്ക്കെടുത്തതാണ്. ആദ്യമായി വീട് കാണാൻ വന്ന സമയത്ത് ഇവിടുത്തെ കാഴ്ചകൾ കണ്ടതോടെ ഇതുതന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.നഗരത്തിലെ ലൈറ്റുകൾ പ്രകാശിക്കുമ്പോഴുള്ള രാത്രികാല കാഴ്ച, മേഘങ്ങൾ അല്പം കൂടി വ്യക്തമായി കാണാൻ സാധിക്കുന്നത് എന്നിവയൊക്കയായിരുന്നു ആകർഷിച്ച ഘടകങ്ങൾ.കാഴ്ചയിലേറെ ഇഷ്ടം തോന്നിയെങ്കിലും ജീവിച്ചു തുടങ്ങുമ്പോൾ അവസ്ഥ ഇതാകുമോ എന്നതിൽ സംശയവും ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനപ്പുറം മനോഹരമായ കാഴ്ചയാണ് ഓരോ ദിവസവും ഫൽഗുനിക്ക് ലഭിച്ചത്..പ്രത്യേകിച്ച് രാത്രികാലങ്ങളിൽ നഗരത്തിന്റെ ഭംഗി തന്നെ ഭ്രമിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് അവർ പറയുന്നു.താൻ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ഈ വീട് വിട്ട് ഒഴിയേണ്ടി വരും എന്ന ചിന്തയാണെന്ന് പറയുകയാണ് യുവതി.വാടക വീടായതുകൊണ്ടുതന്നെ ഒരു ദിവസം ഒഴിയേണ്ടി വരുമെന്ന് അറിയാം. എന്നാൽ ഇവിടെ നിന്ന് പോകാനേ മനസ്സ് അനുവദിക്കുന്നില്ല. വർക്ക് ഫ്രം ഹോം ദിനങ്ങളിൽ ബാൽക്കണിയിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. മഴയും കാറ്റുമൊക്കെ ആസ്വദിച്ചുകൊണ്ട് ജോലി ചെയ്തിരുന്ന സമയം ഒരുപാട് മിസ്സ് ചെയ്യും.ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും ഈ ബാൽക്കണി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇത്രയേറെ സമാധാനം നൽകുന്ന മറ്റൊരു കാഴ്ചയോ സ്ഥലമോ ഇല്ല എന്നും യുവതി പറഞ്ഞുവയ്ക്കുന്നു. നഗരത്തിരക്കുകൾ കണ്ട് ആസ്വദിക്കാമെങ്കിലും അവ ഒരിക്കലും ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. ശബ്ദത്തിന്റെയോ അധിക വെളിച്ചത്തിന്റെയോ ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല.31-ാം നിലയെന്നത് സമാധാനത്തോട് ഏറെ ചേർന്നുനിൽക്കുന്ന ഇടമാണെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.ഫൽഗുനി പറഞ്ഞത് അക്ഷരംപ്രതി സത്യമാണെന്നും അത്തരം ഒരു ജീവിതമാസ്വദിച്ചു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും വിട്ടു മാറുന്നത് ബുദ്ധിമുട്ടാണെന്നും ശരിവച്ചുകൊണ്ട് ധാരാളം ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. വൈകാരികമായി ആ വീടിനോട് അടുപ്പം തോന്നുന്നതിൽ തെറ്റ് പറയാനാവില്ല എന്നാണ് കമൻ്റുകൾ. ഫൽഗുനിക്ക് എത്രയും വേഗം സമാനമായ ഒരു വീട് സ്വന്തമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നവരും കുറവല്ല.***ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഈ ചിത്രം @falguni_gupta27 എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.


Cinema ⏭️

Back to top button