CINEMA

സെറ്റിൽ ഓടിക്കളിക്കുന്നതിനിടെ അബദ്ധം പറ്റി; ഷൂട്ടിംഗ് നടക്കുമ്പോൾ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ; വീഡിയോ വൈറൽ


പഞ്ചാബി നടി ഷെഹ്നാസ് ഗിൽ

ന്യൂഡൽഹി: ഷൂട്ടിംഗിനിടയിൽ അബദ്ധത്തിൽ മൂക്കുത്തി വിഴുങ്ങി പ്രശസ്ത പഞ്ചാബി നടി ഷെഹ്നാസ് ഗിൽ. ‘ഇഷ്ഖ്നാമ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് അപകടം ഉണ്ടായത്. സെറ്റിൽ ഓടിക്കളിക്കുന്നതിനിടയിൽ നടി മൂക്കുത്തി അറിയാതെ വിഴുങ്ങുകയായിരുന്നു. ചിത്രീകരണത്തിനിടയിലെ ബിഹൈൻ ദി സീൻസിന്റെ വീഡിയോ നടി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.


വീഡിയോയിൽ, ഷെഹ്നാസ് സെറ്റിൽ ഓടുന്നതിനിടയിൽ മൂക്കുത്തി വായിലേക്ക് വീഴുന്നതും തുടർന്ന് ചുമയ്ക്കുന്നതും കാണാം. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സഹതാരം സൗരഭ് സച്ച്‌ദേവ ഓടിയെത്തി നടിയുടെ പുറത്ത് തട്ടി സഹായിക്കുന്നതും വീഡിയോയിലുണ്ട്.


‘മൂക്കുത്തി സംഭവത്തിന്റെ’ വീഡിയോ പങ്കുവയ്ക്കണമെന്ന് തന്നോട് നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നതായി നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഷെഹ്നാസിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

അരവിന്ദ് ഖൈർ സംവിധാനം ചെയ്യുന്ന പഞ്ചാബി റൊമാന്റിക് പിരീഡ് ഡ്രാമ ചിത്രമാണ് ‘ഇഷ്ഖ്നാമ’. ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള യുവ സിഖ് വിദ്യാർത്ഥിയും കവിയുമായ നിമ്മയും പാകിസ്ഥാൻ പഞ്ചാബിൽ നിന്നുള്ള മുസ്ലീം പെൺകുട്ടിയായ നസീമയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.


Business ⏭️

Back to top button