SPORTS
ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയായി യാത്സിക ഭാട്യ; ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യ ജയത്തിനരികെ

ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകള് ജയത്തിനരികെ. യാത്സിക ഭാട്യയുടെ സെഞ്ചറിയും സ്മൃതി മന്ഥന, റിച്ച ഘോഷ് എന്നിവരുടെ അർധ സെഞ്ചറിയും കരുത്താക്കി മികച്ച സ്കോറിലേക്ക് കുതിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 341 റൺസിന് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയെന്ന അപൂർവ നേട്ടം യാത്സിക ഭാട്യ സ്വന്തമാക്കി. ഇതോടെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റ് ഓണേഴ്സ് ബോർഡിൽ യാത്സികയുടെ പേര് കുറിക്കപ്പെട്ടു. ആദ്യ ഇന്നിങ്സിൽ 37 റൺസ് വഴങ്ങി ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് സ്വന്തമാക്കിയ ക്രാന്തി ഗൗഡിന്റെ പേരും ഓണേഴ്സ് ബോർഡിൽ കുറിക്കപ്പെട്ടിരുന്നു. 456 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലാണ്. നാലു ദിന ടെസ്റ്റിന്റെ അവസാന ദിവസം നാലു വിക്കറ്റുകൾ മാത്രം ശേഷിക്കെ 327 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയ 285 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 170 റൺസിന് ഓൾഔട്ടായിരുന്നു. 115 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 341 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 145 പന്തിലാണ് യാത്സിക ഭാട്യ തന്റെ കന്നി ടെസ്റ്റ് സെഞ്ചറി തികച്ചത്. 158 പന്തുകളിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 113 റൺസെടുത്താണ് യാത്സിക ഭാട്യ മടങ്ങിയത്.
Source link


