സാധാദോശ കഴിച്ച് മടുത്തോ? വെറും അഞ്ചുമിനിട്ടിൽ തയ്യാറാക്കാം പാലില്ലാത്ത പാൽ ദോശ

രാവിലെ ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ കഴിച്ച് മടുത്തോ? സ്ഥിരം പ്രഭാത ഭക്ഷണങ്ങളിൽ നിന്ന് മാറിചിന്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കാൻ പറ്റുന്ന ഒരടിപ്പൊളി വെറൈറ്റി ദോശ പരീക്ഷിക്കാം. ഇത് തയ്യാറാക്കാൻ അരിയും ഉഴുന്നും അരയ്ക്കുകയോ പുളിക്കാൻ വയ്ക്കുകയോ വേണ്ട. വെറും അഞ്ചുമിനിട്ടിൽ ദോശ മാവും തയ്യാറാക്കാം. നല്ല പാൽപോലെ വെളുത്ത നിറവും രുചിയുമാണ് ഇതിനുള്ളത്. അൽപം നെയ്യ് കൂടി പുരട്ടിയാൽ രുചി ഇരട്ടിക്കും.
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സി ജാറിൽ ഒരുകപ്പ് വെള്ളമെടുക്കണം. അതിലേയ്ക്ക് ഒരുകപ്പ് റവ ചേർക്കണം. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്. ഇതിൽ കാൽ കപ്പ് തേങ്ങ ചിരകിയതും മൂന്നോ നാലോ ചുവന്നുള്ളിയും ചേർത്ത് അരച്ചെടുക്കണം. ഇതിൽ ആവശ്യത്തിന് ഉപ്പുചേർത്തിളക്കി കല്ലിലൊഴിച്ച് ദോശ ചുട്ടെടുക്കാം.
റവകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന മറ്റൊരു ദോശയാണ് സൺസെറ്റ് ദോശ. നല്ല ഓറഞ്ച് നിറമായതിനാലാണ് സൺസെറ്റ് ദോശയെന്ന് ഇതിന് പേരുനൽകിയിരിക്കുന്നത്.
ആവശ്യമായ ചേരുവകൾ
തക്കാളി – ഒന്ന്
കാശ്മീരി മുളക് കുതിർത്തത് – രണ്ട്
റവ – അരക്കപ്പ്
തൈര് – കാൽ കപ്പ്
അവൽ കുതിർത്തത് – ഒന്നര ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
ആവശ്യത്തിന് ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം
റവ, തൈര്, അവൽ, കാശ്മീരി മുളക്, തക്കാളി മുറിച്ചത് എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കണം. ഇനി ദോശക്കല്ല് ചൂടാകുമ്പോൾ നെയ്യ് പുരട്ടി ചുട്ടെടുക്കാം. ചമ്മന്തിക്കൊപ്പമോ സാമ്പാറിനൊപ്പമോ ചൂടോടെ വിളമ്പാം.
Source link


