‘എന്നെന്നും ഓർത്തിരിക്കാൻ ഒരു നിമിഷം’, പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി

പദ്‌മ പുരസ്‌കാര വിതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദർശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയർ ചെയ്‌തത്. ‘എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി നടന്ന അവിസ്‌മരണീയ കൂടിക്കാഴ്‌ചയ്‌ക്ക് നന്ദി. എന്നെന്നും ഓർത്തിരിക്കാൻ ഒരു നിമിഷം’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. ‘ശ്രദ്ധേയനായ നടൻ മമ്മൂട്ടിയെയും കുടുംബത്തെയും ഇന്ന് നേരത്തെ നടന്ന പദ്‌മ ചടങ്ങുകൾക്ക്‌ശേഷം കണ്ടു’- എന്നാണ് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പിലുള്ളത്.
നേരത്തെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പദ്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസ്, പി നാരായണൻ എന്നിവർ രാഷ്‌ട്രപതിയിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി എന്നിവർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു പദ്മഭൂഷൺ ബഹുമതി നൽകി. ബോളിവുഡ് ഗായിക അൽകാ യാഗ്നിക്കിനും പദ്മഭൂഷൺ ലഭിച്ചു. മോഹിനിയാട്ടം നർത്തകി കലാമണ്ഡലം വിമലാ മേനോൻ, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കായംകുളം കൊല്ലകൽ ദേവകിയമ്മ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.എ. ഇ മുത്തുനായകം എന്നിവർക്ക് പദ്മശ്രീ ലഭിച്ചു.
Source link


