NEWS

13,553 കോടി ചെലവില്‍ 49 കിലോമീറ്റര്‍ പാത; കൊച്ചിയുടെ മുഖച്ഛായ മാറ്റും ഈ പദ്ധതി

തിരുവനന്തപുരം: എറണാകുളം ബൈപ്പാസ് നിര്‍മാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാകുന്നു. ദേശീയപാതയില്‍ അങ്കമാലി മുതല്‍ അരൂര്‍ വരെ ബന്ധിപ്പിച്ചുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. 49.5 കിലോമീറ്ററായിരിക്കും എറണാകുളം ബൈപ്പാസിന്റെ ആകെ ദൂരമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ അറിയിച്ചു. നിയമസഭയില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. 13,353.5 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. ഇതില്‍ ഭൂമി ഏറ്റെടുക്കലിന് മാത്രമായി 6183.4 കോടിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 6551.1 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ടെന്നും മന്ത്രി സബ്മിഷന് മറുപടി നല്‍കി.

എന്‍എച്ച് 544ന്റെ ഭാഗമായുള്ള അങ്കമാലി – ഇടപ്പള്ളി പാത നാല് വരിയാണ്. ഈ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും വീടുകളും ഫ്‌ളാറ്റുകളും കാരണം ഇവിടെ ഇനിയും വീതികൂട്ടുക പ്രായോഗികമല്ല. അങ്കമാലി – ഇടപ്പള്ളി പാതയുടെ ഭാഗമായുള്ള മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് വീതി കുറവായത് കാരണം ഈ പ്രദേശത്തെ ഗതാഗതക്കുരുക്കും വലിയ പ്രശ്‌നമാണ്. ആലുവ ബൈപ്പാസിന്റെ ഭാഗമായുള്ള മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുക, ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുക എന്നീ നിര്‍ദേശങ്ങള്‍ നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.


Source link
NEWS

Back to top button