NEWS
‘സ്‌പേസ്’ വരുന്നു; പൊലീസ് സ്റ്റേഷനുകളിൽ ഇനി വാഹനം കെട്ടിക്കിടക്കില്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. ഇതിനായി ‘സ്‌പേസ്’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിഎച്ച്സിസി) നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ചെയർമാനും കെപിഎച്ച്സിസി മാനേജിങ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നൽകുക. പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിലൂടെ പൊലീസ് സ്റ്റേഷൻ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. വാഹനങ്ങൾ ലേലം ചെയ്യുന്ന ഏർപ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചെയർമാന്റെ നേതൃത്വത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Source link


