NEWS

എസി റോഡിൽ മണ്ണ് താഴുന്നു, അപകടക്കെണിയായി പാലങ്ങളും കലുങ്കുകളും; ഉയരവ്യത്യാസം സംഭവിച്ചിട്ടുള്ള ഭാഗങ്ങൾ ഇവ..


മങ്കൊമ്പ് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി റോഡ്) റോഡിലെ പാലങ്ങളും കലുങ്കുകളും അപകടക്കെണിയാകുന്നു. പാലങ്ങളുടെയും കലുങ്കുകളുടെയും ഇരുവശത്തും മണ്ണ് ഇരുന്നതോടെ ഉണ്ടായ ഉയരവ്യത്യാസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില പാലങ്ങളും കലുങ്കുകളും റോഡുമായി ഉയരത്തിൽ അര അടിയിലേറെ വ്യത്യാസമുണ്ട്. നേർരേഖയിലുള്ള റോഡിൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്കാണ് ഏറെ അപകട സാധ്യത. റോഡ് പരിചയമില്ലാത്തവർ രാത്രി അപകടത്തിൽ പെടുന്നതു പതിവായിട്ടുണ്ട്. വാഹനങ്ങൾ കുറവായതിനാൽ രാത്രി വേഗം കൂട്ടിയാണു പലരും സഞ്ചരിക്കുന്നത്. നേർ രേഖയിലുള്ള റോഡിൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾ പാലത്തിലേക്കും കലുങ്കിലേക്കും കയറുമ്പോൾ വാഹനങ്ങൾ ഇടിച്ചു കയറുകയാണ്. ഇതുമൂലം മുൻ വശത്തെ ടയർ ഉയർന്നു പൊങ്ങി നിയന്ത്രണം വിട്ടാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. കുട്ടനാടൻ ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഭൂമി ഇടിഞ്ഞു താഴുന്നതു പതിവാണ്. പാലങ്ങൾ 55 മീറ്റർ വരെ താഴ്ചയിൽ പൈലിങ് നടത്തി തൂണുകൾ നിർമിച്ചാണു സ്പാൻ ഇറക്കിയിട്ടുള്ളത്. കലുങ്കുകൾ കോൺക്രീറ്റിൽ നിർമിച്ച ശേഷം തെങ്ങിൻ കുറ്റിയടച്ചു പൈലിങ് നടത്തി അതിന്മേലാണ് ഉറപ്പിച്ചിട്ടുള്ളത്. അതിനാൽ പാലങ്ങളോ കലുങ്കുകളോ കാര്യമായി താഴാറില്ല. എന്നാൽ ഇതിലേക്ക് എത്തുന്ന റോഡ് താഴാതിരിക്കാൻ ചില ഭാഗങ്ങളിൽ മാത്രമാണു ഭൂമി ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടത്തിയിട്ടുള്ളത്. ബാക്കി സ്ഥലങ്ങൾ താഴാൻ തുടങ്ങിയതോടെയാണു റോഡിലൂടെയുള്ള യാത്ര അപകടകരമായിരിക്കുന്നത്.


Source link

Back to top button