CINEMA

‘എല്ലാവർക്കും ഒറ്റ സ്മാരകം എളുപ്പമല്ലേ?​ പുതിയ സർക്കാർ ആലോചിക്കണം,​ അൻസിബയ്‌ക്കെതിരായ പരാമർശം ആശങ്കപ്പെടുത്തുന്നു’

അന്തരിച്ച പ്രമുഖ കലാകാരന്മാർക്കായി ഓരോ സ്ഥലത്തും വെവ്വേറെ സ്മാരകങ്ങൾ നിർമിക്കുന്നതിന് പകരം, എല്ലാവർക്കുമായി പൊതു സ്മാരകകേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് സംവിധായകൻ കമൽ. പ്രതിമ നിർമിച്ചത് കൊണ്ട് ഭാവി തലമുറയ്ക്ക് എന്ത് ഗുണമാണ് ഉള്ളതെന്നും കമൽ ചോദിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിൽ ‘അമ്മ’ മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസനെ തീവ്രവാദിയെന്നും ജിഹാദിയെന്നും വിളിച്ച സംഭവം തന്നെ ഏറെ ആശങ്കപ്പെടുത്തിയെന്നും കമൽ വ്യക്തമാക്കി.

സലിം കുമാറിന് സ്മാരകം പ്രഖ്യാപിച്ച ബഡ്‌ജറ്റിൽ, ഗായകൻ ജയചന്ദ്രൻ, നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ തുടങ്ങിയ പ്രതിഭകളെ ഓർത്തില്ല. ഓരോരുത്തർക്കും വെവ്വേറെ സ്മാരകം പ്രായോഗികമല്ല. പകരം എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓർക്കാൻ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്. മുൻപ് താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്നപ്പോഴും സിനിമാ കോൺക്ലേവിലും ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു. പുതിയ സർക്കാർ ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ’ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെങ്കിലും അൻസിബയുടെ മതത്തെ മുൻനിർത്തി ഉയർന്ന ‘ജിഹാദി’ പരാമർശം വെറുമൊരു സംഘടന പ്രശ്നമല്ല മറിച്ച് ഗൗരവമുള്ള സാമൂഹിക പ്രശ്നമാണെന്നും കമൽ ചൂണ്ടിക്കാണിച്ചു. തമാശയ്ക്കാണ് പറഞ്ഞതെങ്കിൽ പോലും ഭാരവാഹികളിൽ നിന്നും ഇത്തരം വാക്കുകൾ വരാൻ പാടില്ലായിരുന്നു. അൻസിബ പറയുന്നത് എന്താണെന്ന് കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നും കമൽ അഭിപ്രായപ്പെട്ടു.

അടുത്തിടെ കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ ആശയങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ മലയാള സിനിമയിലുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന പല കലാകാരന്മാരും ഇന്ന് പ്രത്യക്ഷ രാഷ്ട്രീയത്തിലുണ്ട്. മലയാള സിനിമ എന്നും നിലനിന്നിട്ടുള്ളത് മതനിരപേക്ഷയിലാണെന്നും ആ മനസ് മലയാളികൾക്ക് നഷ്ടപ്പെടാൻ സിനിമ ഒരിക്കലും കാരണമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button