‘ഞാൻ ആരുടെയും കളിപ്പാവയാകാൻ ഉദ്ദേശിക്കുന്നില്ല’; മോഹൻലാലിന്റെ മുൻ ‘അമ്മ’ ഭരണസമിതിക്കെതിരെ ശ്വേത മേനോൻ

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത ഭരണപ്രതിസന്ധിക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് കൂട്ടരാജി നടന്നത്. പ്രസിഡന്റ് ശ്വേത മേനോനും ഭരണസമിതിയിലെ മറ്റ് 17 അംഗങ്ങളും കൂട്ടത്തോടെ രാജിവയ്ക്കുകയായിരുന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കൊടുവിലായിരുന്നു നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനൊപ്പം ‘അമ്മ’യുടെ പ്രാഥമിക അംഗത്വവും ശ്വേത മേനോൻ ഉപേക്ഷിച്ചു. അമ്മ’യുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു ശ്വേത.
ഇപ്പോഴിതാ സംഘടന നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഭരണസമിതിയാണെന്ന് നടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരിക്കുകയാണ്. മുൻ കമ്മിറ്റിയുടെ കണക്കുകൾ പൂർണമായും തെറ്റായിരുന്നുവെന്നും കോടിക്കണക്കിന് രൂപ ബാങ്ക് വഴിയല്ലാതെ കൈപ്പണമായി കൈകാര്യം ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ശ്വേത കുറ്റപ്പെടുത്തി. താൻ ആരുടെയും കളിപ്പാവയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്വേതാ മേനോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘മുൻ കമ്മിറ്റിയിലുണ്ടായിരുന്നവർ വരുത്തിവച്ച വിനകളാണ് ഞങ്ങൾ തുറന്നുകാട്ടിയത്. ട്രഷറർ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങളുടെ കമ്മിറ്റി. എങ്കിലും സെപ്തംബർ ഒന്ന് മുതലുള്ള എല്ലാ കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുൻപുള്ള കണക്കുകളിലാണ് ക്രമക്കേടുള്ളത്. ഇതിൽ നിന്നെല്ലാം ഒഴിഞ്ഞതിൽ ഇപ്പോൾ ആശ്വാസമുണ്ട്. കമ്മിറ്റിയിലെ ചിലരൊഴികെ ഭൂരിഭാഗം സഹപ്രവർത്തകരോടും എനിക്ക് സഹതാപമുണ്ട്’.- ശ്വേതാ മേനോൻ പറഞ്ഞു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വരവ്‌ചെലവ് കണക്കുകളെച്ചൊല്ലി യോഗത്തിൽ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരു വിഭാഗം നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് ശ്വേതയും സംഘവും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ 2024ൽ മോഹൻലാൽ കമ്മിറ്റി രാജിവച്ചതിനെ തുടർന്നാണ് 2025 ഓഗസ്റ്റിൽ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. എന്നാൽ തുടക്കം മുതൽ കടുത്ത ആഭ്യന്തര തർക്കങ്ങളാണ് കമ്മിറ്റിയിൽ നിലനിന്നിരുന്നത്.
Source link


