NEWS

കിലോയ്ക്ക് വില വെറും 45 രൂപ; ഹാര്‍ബറില്‍ നെത്തോലി ചാകര

തുറവൂര്‍: മത്സ്യപ്രേമികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കി ചെല്ലാനം ഹാര്‍ബറില്‍ ചാകരയെത്തി. മീന്‍ പിടിക്കാന്‍ പോയ മിക്കവാറും വള്ളങ്ങള്‍ക്കും വല നിറച്ചും നെത്തോലി കിട്ടി. വലിയ അളവില്‍ നെത്തോലി മീന്‍ ലഭിച്ചുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നൂറിലധികം വള്ളങ്ങളാണ് മീന്‍ പിടിക്കാനായി പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെത്തോലി ലഭിക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ചാകരയുണ്ടായത് തിങ്കളാഴ്ചയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

മീന്‍ വന്‍തോതില്‍ കിട്ടിയതോടെ വിലയും കുത്തനെ കുറഞ്ഞു. ആദ്യം കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വില്‍പ്പന നടന്നതെങ്കില്‍ മടങ്ങിയെത്തുന്ന വള്ളങ്ങള്‍ക്ക് നിറയെ മീന്‍ കിട്ടിയതോടെ വില 45 ആയി ചുരുങ്ങി. ട്രോളിംഗ് നിരോധന കാലത്ത് വള്ളങ്ങളില്‍ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച് ലാഭം കിട്ടണമെങ്കില്‍ ചെമ്മീന്‍ ലഭിക്കണം. എന്നാല്‍ ചെറുമീനുകള്‍ക്ക് ഒപ്പം ചെമ്മീന്‍ ലഭിക്കുന്നുണ്ടെങ്കിലും കാര്യമായി ലഭ്യമാകുന്നില്ല.

ട്രോളിംഗ് നിരോധന കാലത്തും പ്രതികൂല കാലാവസ്ഥയാണെങ്കില്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകാറില്ല തൊഴിലാളികള്‍. നെത്തോലിയുടെ ലഭ്യത വളരെ കൂടുതലായത് കാരണം ഒടുക്കം മടങ്ങിയെത്തിയ വള്ളങ്ങള്‍ക്ക് മീനിറക്കാന്‍ കുട്ട കിട്ടാത്ത അവസ്ഥയുണ്ടായെന്നും തൊഴിലാളികള്‍ പറയുന്നു. ലോറികളില്‍ കയറ്റി കൊണ്ട് പോകാനുള്ള സമയം പതിവില്‍ കൂടുതലായിരുന്നതും കുട്ട ലഭിക്കുന്നതിന് താമസമുണ്ടാക്കി.


Source link
NEWS

Back to top button