പാർശ്വഫലങ്ങളില്ലാതെ ഹെയർ സ്‌പാ ചെയ്യാം; വീട്ടിലുള്ള ഒറ്റസാധനം മതി, നടി ശിവദയുടെ സിമ്പിൾ മാജിക്

ചുരുക്കം ചില വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദാ നായർ. 2015ൽ തീയേറ്ററുകളിലെത്തിയ സൂ സൂ സുധി വാത്മീകം എന്ന സിനിമയിൽ ജയസൂര്യയുടെ നായികയായാണ് ശിവദ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെ ശിവദ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി വർഷങ്ങളായി പരീക്ഷിക്കുന്ന ഒരു നാച്വറൽ ഹെയർ സ്‌പാ തയ്യാറാക്കുന്ന രീതിയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
പാർലറുകളിൽ പോയി ഹെയർ സ്‌പാ ചെയ്യുന്നവർ ഒരുപാടുണ്ട്. അതിൽ ചിലർക്കെങ്കിലും ഉപയോഗിക്കുന്ന കെമിക്കലുകൾ മുടിയുടെ ഘടനയെ മോശമായി ബാധിച്ചേക്കാമെന്നും താരം പറയുന്നുണ്ട്. അങ്ങനെയുള്ളവർക്ക് യാതൊരു പാർശ്വഫലവും കൂടാതെ പരീക്ഷിക്കാവുന്ന ഒരു ഹെയർ സ്‌പായാണിതെന്നും ശിവദ പറയുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ സ്‌പാ തയ്യാറാക്കി ഉപയോഗിക്കണമെന്നും താരം ഓർമപ്പെടുത്തിയിട്ടുണ്ട്.
തയ്യാറാക്കേണ്ട രീതി
നിങ്ങളുടെ മുടിയുടെ നീളം, കനം എന്നിവയ്ക്കനുസരിച്ച് തേങ്ങാപ്പാലെടുക്കുക. ഒന്നാം പാലും രണ്ടാം പാലും ഒരുമിച്ച് ചൂടാക്കുക. ചെറിയ തീയിൽ ഏകദേശം അഞ്ചുമുതൽ പത്തുമിനിട്ടുവരെ ചൂടാക്കുക. ഇതിന് ഒരു ക്രീമി ഘടന വരുന്നതുവരെ ചൂടാക്കുകയും ഒപ്പം ഇളക്കുകയും ചെയ്യണം. ശേഷം ഇതിനെ അധികം വായു കടക്കാത്ത കുപ്പിയിലാക്കിയാണ് ഒരാഴ്ച വരെ സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല.
ഉപയോഗിക്കേണ്ട രീതി
ആറുമാസം കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ ഈ സ്‌പായുടെ ഗുണം ലഭിക്കുകയുള്ളൂ. മുടിയുടെ വേരുകളിലാണ് ഇത് പുരട്ടേത്. 15 മിനിട്ടുവരെ ഈ സ്‌പാ തലയിൽ നിലനിർത്തണം. ശേഷം മുടിയിൽ സ്റ്റീം കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അതുചെയ്യാനുള്ള സൗകര്യമില്ലെങ്കിൽ ചൂടുവെള്ളത്തിൽ മുക്കിയ ടൗവലോ തോർത്തോ ഉപയോഗിച്ച് തലമുടിയിൽ കെട്ടിയാലും മതി. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക.
ഗുണം
1. മുടിയിഴകളുടെ സ്വാഭാവിക ഘടന നിലനിർത്തി മിനുസമുള്ളതാക്കി മാറ്റാൻ സഹായിക്കും.
2. മുടിവളരാനും കറുപ്പ് നിറം നിലനിർത്താനും സഹായിക്കും.
3. മുടിയുടെ ബലം വർദ്ധിപ്പിക്കും.
Source link



