അൺഫോളോ വാദങ്ങൾ പൊളിഞ്ഞു; വിജയ്ക്ക് പിറന്നാൾ ആശംസകളുമായി തൃഷ, ചിത്രം വൈറൽ

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി തൃഷ. ഇത്തവണ തൃഷയുടെ പോസ്റ്റ് വൈകിയതോടെ ഇരുവരും തമ്മിൽ പിണക്കത്തിലാണോ എന്ന് ആരാധകർ സംശയിച്ചിരുന്നു. ഇതിനിടെയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആശംസകളുമായി എത്തിയത്. വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കാൻഡിഡ് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. നടി പങ്കുവച്ച കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘എല്ലാ കാര്യങ്ങളും മനോഹരമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകൾ’ എന്നായിരുന്നു തൃഷ കുറിച്ചത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച പിങ്കും വെള്ളയും ചേർന്ന കേക്കിന് അരികിൽ പുഞ്ചിരിച്ചു നിൽക്കുന്ന വിജയിയും, അടുത്ത് അദ്ദേഹത്തെ നോക്കി ചിരിക്കുന്ന തൃഷയുമാണ് ചിത്രത്തിലുള്ളത്. തൃഷയുടെ മുന്നിലും മെഴുകുതിരി തെളിച്ച മറ്റൊരു ബർത്ത്‌ഡേ കേക്കും ഡെസേർട്ടുകളും കാണാം. വളരെ മനോഹരമായ ചിത്രം നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്തത്.
മുൻവർഷങ്ങളിൽ വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-ന് പുലർച്ചെ തന്നെ തൃഷ ആശംസകൾ നേരാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ താരത്തിന്റെ ഭാഗത്തുനിന്നും ആശംസ വൈകിയത് ഇരുവരും തമ്മിൽ പിണക്കത്തിലാണോ എന്ന് ആരാധകർ സംശയിച്ചു. തൃഷ വിജയിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്ന രീതിയിലുള്ള പ്രചാരണങ്ങളും ഇതിനിടെ ശക്തമായിരുന്നു. എന്നാൽ പുതിയ പോസ്റ്റോടെ ഗോസിപ്പുകളെല്ലാം വെറുതെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Source link


