CINEMA

‘ബാലൻ കണ്ടപ്പോൾ ഭരതനെയും കെജി ജോർജിനെയും ഓർമ്മ വന്നു’; ചിദംബരത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട്

ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ എന്ന ചിത്രം ബോക്സ് ഓഫീസിലും പ്രേക്ഷകമനസുകളിലും തരംഗമായി മുന്നോട്ട് കുതിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെയും സംവിധായകനെയും പ്രശംസിച്ചുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലനെന്ന് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു. മനസിനെ കൊളുത്തിവലിക്കുന്ന വിഷയവും അത് ഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന് തെളിവാണ് ‘ബാലൻ’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

‘വിനോദയാത്രയുടെ സെറ്റിൽ വച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും ‘ബാലൻ’ തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നത് കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു.

ബാലൻ കണ്ടപ്പോൾ എനിക്ക് പി എൻ മേനോനേയും, ഭരതനേയും, കെജി ജോർജ്ജിനേയുമൊക്കെ ഓർമ്മ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്ന് കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ.

ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച. ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം.

ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർഹാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്ക് കിട്ടിയ വരദാനമാണ്. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എന്റെ സ്‌നേഹം’.


Source link

Back to top button