BUSINESS
ലോക എണ്ണവിപണിയുടെ നിയന്ത്രണം യുഎസിലേക്ക്; സൗദിയും റഷ്യയും പിന്നിലായി, യുദ്ധത്തിലൂടെ വരുതിയിലാക്കി ട്രംപ്

കൊച്ചി∙ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മാറിമറിഞ്ഞ് ലോകത്തിന്റെ ഇന്ധന ഭൂപടം.ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യങ്ങളായ സൗദി അറേബ്യയെയും റഷ്യയെയും കടത്തിവെട്ടി യുഎസ് ലോക എണ്ണ വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി. ലോക എണ്ണ വിപണിയുടെ നിയന്ത്രണം യുഎസ് എണ്ണക്കമ്പനികളുടെ കയ്യിലായി.പതിറ്റാണ്ടുകളായി എണ്ണയ്ക്കായി പശ്ചിമേഷ്യയെ ആശ്രയിച്ചിരുന്ന യുഎസ് ആണ് ഇപ്പോൾ യുദ്ധത്തിലൂടെ വിപണിയെ അവരുടെ വരുതിയിലാക്കിയത്. 1973ൽ ഇസ്രയേലിനെ പിന്തുണച്ചതിന്റെ പേരിൽ യുഎസിനു എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ വിലക്കു പോലും നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ ഇപ്പോൾ കഥ മാറി. യുദ്ധത്തെത്തുടർന്ന് ഫെബ്രുവരി മുതൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണക്കയറ്റുമതി കുത്തനെ കുറഞ്ഞ്, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. യുക്രെയ്നെ ആക്രമിച്ചതിന് റഷ്യൻ എണ്ണയ്ക്ക് യുഎസ് ഏർപ്പെടുത്തിയ വിലക്കും റഷ്യയിൽ നിന്നുള്ള എണ്ണക്കയറ്റുമതിയുടെ താളം തെറ്റിച്ചു. അതോടെ യുഎസ് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായി മാറി.യുഎസിന്റെ എണ്ണ ഉൽപാദനം കൂടിയതിനാലും കരുതൽ ശേഖരം കൂടി വിപണിയിൽ എത്തിച്ചതിനാലും മേയ് മാസത്തിൽ പ്രതിദിനം ഒരു കോടി ബാരലിൽ അധികം എണ്ണ യുഎസ് കയറ്റുമതി ചെയ്തു. എന്നാൽ ഈ കാലയളവിൽ റഷ്യയുടെ കയറ്റുമതി 70 ലക്ഷം ബാരലും സൗദി അറേബ്യയുടെ കയറ്റുമതി 59 ലക്ഷം ബാരലും ആയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്നത് യുഎസ് ആണ്.കഴിഞ്ഞ വർഷം മെയിൽ സൗദി അറേബ്യ 81 ലക്ഷം ബാരൽ കയറ്റുമതി ചെയ്തപ്പോൾ, യുഎസിന്റെ കയറ്റുമതി 66 ലക്ഷം ബാരലും റഷ്യയുടേത് 58 ലക്ഷം ബാരലും ആയിരുന്നു.യുഎസിനു വിപണിയിൽ മേൽക്കൈ കിട്ടിയതോടെ കാലങ്ങളായി എണ്ണ വില നിശ്ചയിച്ചിരുന്ന ഒപെക്കിന് ഇനിയും അതിനുള്ള സാധ്യത മങ്ങുകയാണ്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് ANNA MONEYMAKER / GETTY IMAGES VIA AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


