സുരക്ഷ മുഖ്യം! സ്കൂട്ടറുകളില്‍ വോയിസ് കമാന്‍ഡ് ഫീച്ചറുമായി ഏഥര്‍ എനര്‍ജി

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കുതിച്ചുപായുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് ഏഥർ എനർജി. മികച്ച ക്വാളിറ്റിയിലുള്ള ഇവികൾ വിപണിയിൽ ഇറക്കുന്ന കമ്പനി അവയെ കൃത്യമായ സമയങ്ങളിൽ മികച്ചതാക്കാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ റൈഡർമാരുടെ സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂട്ടറുകൾക്കായി വോയിസ് കമാൻഡ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഏഥർ.
ഫോണോ ടച്ച് സ്ക്രീനോ ഉപയോഗിക്കുന്നതിന് പകരം വോയിസ് കമാൻഡുകൾ വഴി മിക്ക ജോലികളും പൂർത്തിയാക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചർ ഏതർസ്റ്റാക്ക് 7 അപ്ഡേറ്റിന്റെ ഭാഗമാണെന്ന് ഏഥർ എനർജി അറിയിച്ചു. ജെൻ 3 ഹാർഡ്വെയറിനെയോ പുതിയ പതിപ്പുകളെയോ അടിസ്ഥാനമാക്കിയുള്ള ഏഥർ 450എക്സ്, 450 അപെക്സ്, റിസ്ത ഇസഡ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇപ്പോൾ വോയിസ് കമാൻഡ് ഫീച്ചർ ലഭ്യമാണ്. അതേസമയം 450എസ്, റിസ്ത എസ് എന്നീ മോഡലുകളിൽ ഈ ഫീച്ച ഉണ്ടായിരിക്കില്ല.
ലാർജ് ലാംഗ്വേജ് മോഡലുകൾ സ്വാഭാവിക ഭാഷാ പ്രോസസിംഗും ഉപയോഗിച്ചാണ് ഏഥറിന്റെ വോയിസ് കമാൻഡ് ഫീച്ചർ പ്രവർത്തിക്കുന്നത്. വോയിസ് കമാൻഡ് സിസ്റ്റത്തിന് ആക്സന്റുകളും ഇന്ത്യ ഭാഷകളും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്ന് ഏഥർ ഉറപ്പുനൽകുന്നുണ്ട്. ബ്രാൻഡിന്റെ ഹാലോ സ്മാർട്ട് ഹെൽമെറ്റിനൊപ്പം പ്രവർത്തിക്കുന്നതിനാണ് ഏഥർ സ്കൂട്ടറുകൾക്കുള്ള വോയിസ് കമാൻഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏത് ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴിയും ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്സസ് ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല നാവിഗേഷൻ, കോളുകൾ, വെഹിക്കിൾ സെറ്റിംഗ്, മീഡിയ കൺട്രോളുകൾ തുടങ്ങിയവയെല്ലാം വോയിസ് കമാൻഡിലൂടെ ക്രമീകരിക്കാൻ കഴിയും.
പുതിയ ഫീച്ചർ എത്തിയതോടെ വണ്ടിയോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും. ഒരു പ്രത്യേക കീവേഡുകളാൽ സിസ്റ്റം പരിമിതപ്പെടുത്തിയിട്ടില്ലാത്തതിനാൽ മിക്ക ജോലികളും വോയിസ് കമാൻഡുകൾ വഴി ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ സ്കൂട്ടറുകളിൽ ഒരു ടുവേ കമ്മ്യൂണിക്കേഷൻ ഫംഗ്ഷൻ അവതരിപ്പിക്കാനും ഏഥർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
Source link


