NATIIONAL
ഐപിഎലിൽ ധോണിക്കും മുൻപേ ആ അപൂർവ നേട്ടം സ്വന്തമാക്കി; ഇനി കോലിക്കും രോഹിത്തിനുമൊപ്പം ഈ 36കാരനും

ഹൈദരാബാദ് ∙ ഐപിഎൽ ചരിത്രത്തിൽ എല്ലാ സീസണുകളിലും കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർ മനീഷ് പാണ്ഡെ. ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടതോടെയാണ് മനീഷ് പാണ്ഡെ ചരിത്രനേട്ടം സ്വന്തമാക്കിയത്. രമൺദീപ് സിങ്ങിനും പകരക്കാരനായാണ് 36 വയസ്സുകാരനായ മനീഷ് പാണ്ഡെ കെകെആർ ഇലവനിൽ എത്തിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അനുഭവപരിചയത്തിന് മുൻഗണന നൽകിയതോടെ, തേജസ്വി ദാഹിയ, സാർഥക് രഞ്ജൻ തുടങ്ങിയ യുവതാരങ്ങളെ മറികടന്ന് പാണ്ഡെയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഐപിഎലിന് ശേഷം മനീഷ് പാണ്ഡെ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. 2025-26 ആഭ്യന്തര സീസണിലേക്ക് കർണാടക ടീം താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. 2018ൽ സൺറൈസേഴ്സ് ഹൈദരാബാദിലേക്കു മാറി. പിന്നീട് 2022ൽ ലക്നൗ സൂപ്പർ ജയന്റ്സിനായും 2023ൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ച ശേഷം 2024ൽ വീണ്ടും കെകെആറിലേക്ക് മടങ്ങി. 75 ലക്ഷത്തിനാണ് താരത്തെ ടീമിലെടുത്തത്. കൊൽക്കത്ത കിരീടം നേടിയ ആ വർഷം ഒരു മത്സരവും കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങളും അദ്ദേഹം കളിച്ചു. ഐപിഎലിൽ ഇതുവരെ 174 മത്സരങ്ങൾ കളിച്ച മനീഷ് പാണ്ഡെയ്ക്ക് 3942 റൺസാണ് സമ്പാദ്യം. ഒരു സെഞ്ചറിയും 22 അർധസെഞ്ചറിയും നേടിയിട്ടുണ്ട്.
Source link


