NEWS

500, 2000 നോട്ടുകൾ നിരോധിക്കണം; അഴിമതി തടയാൻ ഡിജിറ്റൽ കറൻസി അനിവാര്യം: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: 500, 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടംഘട്ടമായി പൂർണ്ണമായും പിൻവലിക്കണമെന്ന ശക്തമായ ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രംഗത്ത്. ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നത് അഴിമതിയുടെ വേരറുക്കാൻ സഹായിക്കുമെന്നും, അതുവഴി സാമ്പത്തിക വളർച്ചയും ദാരിദ്ര്യ നിർമ്മാർജ്ജനവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിക്ക് തടയിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഡിജിറ്റൽ കറൻസികളാണെന്ന് അഭിപ്രായപ്പെട്ട നായിഡു, ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ നേരത്തെ തന്നെ പലതവണ പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ‘‘ഡിജിറ്റൽ കറൻസി സംബന്ധിച്ച റിപ്പോർട്ടുകളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത് ഞാനാണ്. നേരത്തെയും പ്രധാനമന്ത്രിയോട് ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും അതേ ആവശ്യം ആവർത്തിക്കുകയാണ്. 500-ന്റെയും 2000-ത്തിന്റെയും നോട്ടുകൾ പൂർണ്ണമായി നിരോധിക്കണം. നൂറു രൂപയുടെയും ഇരുനൂറു രൂപയുടെയും നോട്ടുകൾ മാത്രം ഇടപാടുകൾക്കായി ഉപയോഗിക്കുന്നതാണ് ഉചിതം. ഈ ആവശ്യം ഞാൻ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കും’’– ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button