NEWS

കത്തിച്ചത് പേടിപ്പിക്കാൻ, കലാശിച്ചത് ദുരന്തത്തിൽ; പതിനേഴുകാരി ഉൾപ്പെടെ 4 പേർ പിടിയിൽ


ന്യൂഡൽഹി ∙ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിനിടയാക്കിയ സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരിയിലെ തീപിടിത്തത്തിൽ പതിനേഴുകാരി ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നവജീവൻ ക്യാംപിലെ താമസക്കാരായ സരിത (25), നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27) എന്നിവരും ബന്ധുവായ പതിനേഴുകാരിയുമാണു പിടിയിലായത്. വായ്പയായി വാങ്ങിയ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമായുള്ള തർക്കമാണു ദുരന്തത്തിൽ കലാശിച്ചത്.ഇന്നലെ പിടിയിലായവർക്കു തീപിടിത്തമുണ്ടായ 5 നില കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിച്ചിരുന്ന ദീപക്കുമായി പണമിടപാടുകളുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. 6 മാസം മുൻപ് ഇവരിൽ നിന്ന് ഏകദേശം 80,000 രൂപ കടം വാങ്ങിയ ദീപക് അതു തിരികെ നൽകിയിരുന്നില്ല. അതോടെ, താമസിച്ചിരുന്ന കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ ദീപക്ക് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിനു തീയിട്ട് ‘പാഠം പഠിപ്പിക്കാൻ’ സംഘം തീരുമാനിക്കുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ 12നു പുലർച്ചെ 2.30ന് ഇവിടെയെത്തി വണ്ടിക്കു തീയിട്ടു കടന്നുകളയുകയായിരുന്നു. എന്നാൽ, കാറുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളിലേക്കു പടർന്ന തീ പൊടുന്നനെ കെട്ടിടത്തിലേക്കും വ്യാപിച്ചു. ആദ്യനിലയിൽ താമസിച്ചിരുന്ന പങ്കജ് പാണ്ഡെ (28), സഹോദരി സോണിയ (20), അമ്മൂമ്മ സുശീല ദേവി (70) എന്നിവർ കൊല്ലപ്പെടുകയും 8 പേർക്കു പരുക്കേൽക്കുകയും ചെയ്തു.


Source link

Back to top button