‘സാങ്കേതിക വിദ്യയ്ക്ക് യുഎസിനെ ആശ്രയിക്കുന്നത് തിരിച്ചടിയാകും, പാഠം ഉൾക്കൊള്ളണം’, കനേഡിയൻ പ്രധാനമന്ത്രി

ചുരുക്കം ചില അമേരിക്കൻ കമ്പനികളെ മാത്രം സാങ്കേതികവിദ്യയ്ക്കായി കൂടുതൽ ആശ്രയിക്കുന്നത് ദോഷങ്ങളുണ്ടാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിലെ എവിയാൻലെബെയ്ൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്ക് മുന്നോടിയായി അയർലൻഡിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സാഹചര്യത്തിൽ ആരും തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് നമ്മുടെ സാങ്കേതിക മേഖല വിപുലീകരിക്കാനും വൈവിദ്ധ്യവത്കരിക്കാനും നമ്മൾ തയ്യാറായില്ലെങ്കിൽ അത് വലിയ തെറ്റായിരിക്കും,’ – കാർണി ഫോർച്യൂൺ ന്യൂസിനോട് പറഞ്ഞു.
വ്യാപാര സുരക്ഷ മുൻനിർത്തി ജൂൺ 12നാണ് ട്രംപ് ഭരണകൂടം ആന്ത്രോപിക്കിന്റെ അത്യാധുനിക എഐ കമ്പനിയായ ഫേബിൾ 5, മിത്തോസ് 5 എന്നിവ ആഗോളതലത്തിൽ ലഭ്യമാക്കുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. വിദേശ പൗരന്മാർക്ക് ഇത്തരം അത്യാധുനിക എഐ സംവിധാനങ്ങൾ ലഭ്യമാക്കുന്നത് തടയുന്നതാണ് യുഎസ് സർക്കാരിന്റെ പുതിയ കർശന നിർദേശം. അമേരിക്കയുടെ ഏകപക്ഷീയ നിയന്ത്രണങ്ങളെ വിലക്കായി കാണാതെ, സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കാനും ആഗോള പങ്കാളിത്തം വിപുലീകരിക്കാനുമുള്ള അവസരമായി മറ്റ് സർക്കാരുകൾ ഇതിനെ മാറ്റണമെന്നും കാർണി അഭിപ്രായപ്പെട്ടു.
വൻ തോതിൽ ജനശ്രദ്ധയാകർഷിച്ച ‘ഫേബിൾ 5’ കഴിഞ്ഞ ആഴ്ചയാണ് ആന്ത്രോപിക് വിപണിയിലിറക്കിയത്. എന്നാൽ സൈബർ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ‘മിത്തോസ് 5’ എന്ന കമ്പനിയുടെ കർശന നിയന്ത്രണത്തിലായിരുന്നു. കമ്പ്യൂട്ടറിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും മനുഷ്യരേക്കാൾ വേഗത്തിൽ മിത്തോസിന് സാധിക്കുമെന്ന് ആന്ത്രോപിക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് അമേരിക്കയെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്.
അമേരിക്കയുടെ പെട്ടെന്നുള്ള ഈ നീക്കം കാനഡ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് മാർക്ക് കാർണി ചൂണ്ടിക്കാട്ടി. നിലവിൽ കാനഡയുടെ കയറ്റുമതിയുടെ 70 ശതമാനത്തിലധികം അമേരിക്കയിലേക്കാണ്. ഇത് മാറ്റിമറിച്ച്, വരും നാളുകളിൽ യു.എസ് ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുകയാണ് കാനഡയുടെ ലക്ഷ്യം.
Source link


