AUTO

ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം: സ്വയം ഓടുന്ന കാറുകൾ ഇനി സ്വപ്നമല്ല! പുതിയ വിജ്ഞാപനവുമായി കേന്ദ്ര സർക്കാർ


ഇന്ത്യയിലെ വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സെല്‍ഫ് ഡ്രൈവിങ് സംവിധാനങ്ങളും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളും രാജ്യത്ത് വേഗത്തില്‍ നടപ്പിലാക്കാനായി 5.9 ജിഗാഹെട്‌സ്, 77-81 ജിഗാ ഹെട്‌സ് ഫ്രീക്വന്‍സി ബാന്‍ഡുകളെ പരമ്പരാഗത ലൈസന്‍സിങ് നിബന്ധനകളില്‍ നിന്നും ഒഴിവാക്കി. ഇതോടെ രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തും. പുതിയ നീക്കത്തോടെ അമേരിക്ക, യൂറോപ് തുടങ്ങിയ ആധുനിക വിദേശ വിപണികളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വാഹനങ്ങള്‍ ഇന്ത്യയിലേക്കു കൂടി എത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതും വിപണിയില്‍ ലഭ്യമായതുമായ മികച്ച സുരക്ഷാ റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും ഇന്ത്യയിലെ കാറുകളില്‍ ഉള്‍പ്പെടുത്താന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിക്കും. സ്വാഭാവികമായും ഇത് രാജ്യത്തെ റോഡ് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ വാഹന വ്യവസായ മേഖലക്ക് വലിയ ഉണര്‍വാണ് നല്‍കുന്നത്. നേരത്തെ ഇത്തരം ആധുനിക സംവിധാനങ്ങള്‍ വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരുന്നതിനു പോലും പല തടസങ്ങളുമുണ്ടായിരുന്നു. ഇതില്‍ പ്രധാന പ്രതിസന്ധിയായിരുന്നത് കടുത്ത ലൈസന്‍സിങ് നടപടികളായിരുന്നു. ഇതാണ് പുതിയ നിയമത്തിന്റെ വരവോടെ ഇല്ലാതാവുന്നത്. രാജ്യത്തെ റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, ഗതാഗതക്കുരുക്ക് കുറക്കുക, കൂടുതല്‍ മികച്ച ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സാധ്യമാക്കുക എന്നിവയാണ് പുതിയ ചട്ടക്കൂട് വഴിയുള്ള പ്രധാന ലക്ഷ്യങ്ങള്‍. സെല്ലുലാര്‍ വെഹിക്കിള്‍ ടു എവരിതിങ്(V2X) സാങ്കേതികവിദ്യ പൊതു നിലവാരമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. ഈ സംവിധാനത്തിന്റെ ഭാഗമാകുന്ന പങ്കാളികള്‍ക്ക് ലേല നടപടികളില്ലാതെ നേരിട്ട് സ്‌പെക്ട്രം അനുവദിക്കാനും പുതിയ ചട്ടക്കൂടില്‍ നിര്‍ദേശമുണ്ട്.


Source link

Back to top button