BUSINESS

പഴയ വാഹന ഉടമകള്‍ ജാഗ്രത; E20 പെട്രോള്‍ അടിച്ച് ‘പണി’ കിട്ടിയാല്‍ ഇന്‍ഷുറന്‍സ് കിട്ടില്ല, കമ്പനികള്‍ നയം വ്യക്തമാക്കുന്നു


E100 India: രാജ്യത്ത് എഥനോള്‍ വിപ്ലവം തകൃതിയാണ്. ഇ85 ഇന്ധനത്തിന് പുറമേ ഇ100 ഗ്രേഡിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഇ22 മുതല്‍ ഇ30 വരെയുള്ള പെട്രോള്‍ ഗ്രേഡിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ വാഹന കമ്പനികളും, എണ്ണക്കമ്പനികളും പുതിയ എഥനോള്‍ അപ്‌ഗ്രേഡിന് കോപ്പുകൂട്ടുമെന്ന കാര്യം ഉറപ്പാണ്.പണിവരുന്ന വഴി രാജ്യത്ത് നിലവില്‍ പമ്പുകളില്‍ സാധാരണ പെട്രോള്‍ ലഭ്യമല്ലെന്ന് തന്നെ പറയാം. ഇ20 പെട്രോള്‍ ആണ് ലഭിക്കുന്നത്. അതായത് നിങ്ങള്‍ അടിക്കുന്ന ഒരു ലിറ്റര്‍ പെട്രോളില്‍ 20% എഥനോള്‍ ആണ്. ഈ ഇന്ധനം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പല വാഹനങ്ങളും വേഗത്തില്‍ പണിതരുന്നുവെന്നാണ് ചില വാഹന ഉപയോക്താക്കള്‍ പറയുന്നത്. ഇതിനു കാരണം നിങ്ങളുടെ വാഹനം ഇ20 റെഡി അല്ലെന്നതാണ്. ഈ ഇന്ധനത്തിന്റെ ഉപയോഗം പഴയ വാഹനങ്ങളുടെ കാര്‍ബറേറ്റര്‍. ഫ്യൂവല്‍ പമ്പുകള്‍, ഫ്യുവല്‍ ലൈനുകള്‍, വാഹന സീലുകള്‍ എന്നിവയ്ക്ക് ദോഷകരമാണെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. ഇ20 ഇന്ധനം ഉപയോഗിച്ചതു മൂലം ഉണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷുറന്‍സുകള്‍ നിഷേധിക്കപ്പെടുന്ന കേസുകളും വര്‍ധിക്കുകയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല!പഴയ വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിച്ചത് മൂലമുണ്ടാകുന്ന തകരാറുകളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അശ്രദ്ധയായാണ് കണക്കാക്കുന്നത്. കാരണം ഈ വാഹനങ്ങള്‍ ഇ20 റെഡി അല്ലെന്നതു തന്നെ. അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് ‘തെറ്റായ ഉപയോഗം’ അല്ലെങ്കില്‍ ‘അശ്രദ്ധ’ ആയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കാണുന്നത്. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് നല്‍കില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എഥനോള്‍ അടങ്ങിയ ഇന്ധനം കാരണം വാഹനത്തിലെ റബ്ബര്‍ സീലുകള്‍, ഇന്ധന പൈപ്പുകള്‍, എന്‍ജിന്‍ ഭാഗങ്ങള്‍ എന്നിവ ബാധിക്കപ്പെടാം. എന്നാല്‍ ഇവ പെട്ടെ്ന്ന് സംഭവിക്കില്ല. ഈ ഇന്ധനം നിങ്ങളുടെ വാഹന ഭാഗങ്ങളുടെ തേയ്മനം വര്‍ധിപ്പക്കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ക്കുള്ള പരിരക്ഷയാണ് നല്‍കുന്നത്. കാലക്രമേണയുള്ള കേടുപാടുകള്‍/ തേയ്മാനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. വിലകൂടിയ പോളിസി എടുത്താലും കാര്യമില്ല മികച്ച സുരക്ഷയ്ക്കായി പലതും വിലകൂടിയ എന്‍ജിന്‍ പ്രൊട്ടക്ഷന്‍ കവറുകള്‍ എടുക്കാറുണ്ട്. ഇത്തരം എന്‍ജിന്‍ പ്രൊട്ടക്റ്റര്‍ പോളിസികള്‍ വെള്ളം കയറിയോ, ഓയില്‍ ലീക്ക് ആയോ ഉണ്ടാകുന്ന കേടുപാടുകള്‍ക്കാണ് സാധാരണയായി പരിരക്ഷ നല്‍കുന്നത്. ഇന്ധനത്തിലെ രാസപ്രവര്‍ത്തനം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഇതില്‍ ഉള്‍പ്പെടണമെന്നില്ല. അതായത് നിങ്ങള്‍ ഉയര്‍ന്ന പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വാഹനം ഇ20 റെഡി അല്ലെങ്കില്‍ പണിയാണ്. ഇ20 ഇന്ധനം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍നിങ്ങളുടെ വാഹനം ഇ20 റെഡി ആണോ എന്നു പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യയില്‍ 2023 ഏപ്രിലിന് മുമ്പ് വിറ്റഴിച്ച ഭൂരിഭാഗം വാഹനങ്ങളും ഇ20 അനുയോജ്യമല്ല. നിങ്ങളുടെ വാഹനം പഴയതാണെങ്കില്‍ പ്രീമിയം ഗ്രേഡ് പെട്രോള്‍ ഉപയോഗിക്കുന്നതാകും നല്ലത്. ഇവയ്ക്ക് വില കൂടുതലാണ്. പക്ഷെ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കും. ഇ10 ഗ്രേഡ് ലഭ്യമാണെങ്കില്‍ അതും ഉപയോഗിക്കാം. ഇത് ഇ20 യേക്കാള്‍ നിങ്ങളുടെ വാഹനത്തിന് സുരക്ഷിതമായിരിക്കും. പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നവര്‍ ഇന്ധന പൈപ്പുകള്‍ക്കും, റബ്ബര്‍ ഭാഗങ്ങളും സമയാസമയങ്ങളില്‍ പരിശോധിക്കണം. എന്‍ജിന്‍ ഓയിലും പരിശോധിക്കണം. വാഹനം കൂടുതല്‍ നാള്‍ ഉപയോഗിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ഇന്ധനടാങ്കില്‍ ഇ20 ഇല്ലെന്ന് ഉറപ്പാക്കുക. കാരണം എഥനോള്‍ പെട്ടെന്ന് വെള്ളത്തെ ആകര്‍ഷിക്കും. പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇ20 റെഡി കാര്‍ബറേറ്ററുകളും മറ്റും വാങ്ങി പഴയത് മാറ്റി സ്ഥാപിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് പോളിസിയിലെ വ്യവസ്ഥകളും, അതില്‍ ഒഴിവാക്കിയിട്ടുള്ള കാര്യങ്ങളും കൃത്യമായി വായിച്ചു മനസിലാക്കുന്നതും പ്രധാനമാണ്. സംശയമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്തുക.അ‌തേസമയം ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് വലിയ രീതിയിൽ കുറയുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങൾ പോലും ഇ20 ഇന്ധനത്തിൽ 1 ലക്ഷം കിലോമീറ്റർ വരെ ഓടിച്ച് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും, ഒരു വാഹനത്തിനു പോലും എൻജിൻ തകരാറിലായിട്ടില്ലെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇ20 ഇന്ധനം കാരണം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും ഒരു വാഹനത്തിന് തകരാർ സംഭവിച്ചതായി തെളിയിക്കാൻ അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ വിവരങ്ങളും, ഇൻഷുറൻസ് സ്ഥാപനമായ ഐസിഐസിഐ ലൊമ്പാർഡിനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആണ്. സ്വന്തം നിലയിൽ വ്യക്തത വരുത്താവുന്നതാണ്.)


Source link

Back to top button