വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചു; വിഡിയോകോൺ മേധാവിക്കെതിരെ എസ്ബിഐയുടെ 12,668 കോടി രൂപയുടെ നടപടി

പ്രശസ്ത ഇലക്ട്രോണിക്സ് കമ്പനിയായ വിഡിയോകോൺ ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർ വേണുഗോപാൽ നന്ദ്ലാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഉത്തരവിട്ടു. 12,668.06 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൽകിയ ഹർജി പരിഗണിച്ചാണ് നിർണ്ണായക നടപടി. വായ്പ തിരിച്ചടയ്ക്കുന്നതിനായി വേണുഗോപാൽ ധൂത് സമർപ്പിച്ച പദ്ധതി ബാങ്കുകൾ നേരത്തെ തന്നെ നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്ബിഐ ഉൾപ്പെടെയുള്ള വായ്പാദാതാക്കൾ എൻസിഎൽടിയെ സമീപിച്ചത്.
വേണുഗോപാൽ ധൂതിന്റെ സാമ്പത്തിക ഇടപാടുകളും ആസ്തികളും കൈകാര്യം ചെയ്യുന്നതിനായി ആശിഷ് നാരായണിനെ ബാങ്ക്റപ്റ്റ്സി ട്രസ്റ്റിയായി ട്രൈബ്യൂണൽ നിയമിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ധൂതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഡിയോകോണിന്റെ കുടിശിക സംബന്ധിച്ച വിശദമായ കണക്കുകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ട്രസ്റ്റിയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഇനി മുതൽ വേണുഗോപാൽ ധൂതിന്റെ സ്വത്തുക്കൾ നിയന്ത്രിക്കുന്നത് ബാങ്ക്റപ്റ്റ്സി ട്രസ്റ്റിയായിരിക്കും. ലേലനടപടികളിലൂടെ ബാങ്കുകൾക്കുള്ള കുടിശിക വീണ്ടെടുക്കാനുള്ള നടപടികൾ ഇദ്ദേഹമായിരിക്കും മുൻകൈ എടുത്ത് നടത്തുക.
വിഡിയോകോൺ ഇൻഡസ്ട്രീസ്, വിഡിയോകോൺ ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികൾ വായ്പയെടുത്തപ്പോൾ അതിനായി വേണുഗോപാൽ ധൂത് നൽകിയ വ്യക്തിഗത ജാമ്യമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഈ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് എസ്ബിഐ നിയമനടപടികളിലേക്ക് നീങ്ങിയത്. സിലിഗുഡിയിലെ ഒരു റിയൽ-എസ്റ്റേറ്റ് പദ്ധതി വഴി ലഭിക്കുന്ന ലാഭത്തിൽ നിന്നും 36 മാസത്തിനുള്ളിൽ 600 കോടി രൂപ നൽകാമെന്ന് ധൂത് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ബാങ്കുകൾ അത് തള്ളിക്കളഞ്ഞു. പ്രസ്തുത പദ്ധതിയുടെ നിയമപരമായ അംഗീകാരങ്ങളിലും ഭാവിയിലുള്ള ലാഭക്ഷമതയിലും ബാങ്കുകൾക്ക് ഗുരുതരമായ സംശയങ്ങളുണ്ടായിരുന്നു.
ഒരുകാലത്ത് ഇന്ത്യയിലെ മുൻനിര ഗാർഹിക ഇലക്ട്രോണിക്സ് ബ്രാൻഡായിരുന്നു വിഡിയോകോൺ. ടിവി, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളിലൂടെ ഇന്ത്യൻ വീടുകളിൽ ഇടംപിടിച്ച ഈ ബ്രാൻഡ് പിന്നീട് ടെലികോം, ഡി2എച്ച്, എണ്ണ-വാതക മേഖലകളിലേക്ക് തങ്ങളുടെ സാമ്രാജ്യം വിപുലീകരിച്ചു. എന്നാൽ, വലിയ തോതിലുള്ള കടബാധ്യതകളാണ് കമ്പനിയെ തകർച്ചയിലേക്ക് നയിച്ചത്. 2012-ൽ സുപ്രീംകോടതി 122 ടെലികോം ലൈസൻസുകൾ റദ്ദാക്കിയതോടെ വിഡിയോകോണിന്റെ ടെലികോം ബിസിനസ് വലിയ പ്രതിസന്ധിയിലായി. കൂടാതെ, ആഗോള കമ്പനികളുടെ കടന്നുകയറ്റം കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിലും കനത്ത വെല്ലുവിളിയായി. 2017-ൽ റിസർവ് ബാങ്ക് പുറത്തുവിട്ട കിട്ടാക്കടം വരുത്തിയ 12 പ്രധാന കോർപറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ വിഡിയോകോണും ഉൾപ്പെട്ടിരുന്നു.




