NEWS
സ്വാമി ഋതംബരാനന്ദ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃനിരയിൽ പുതിയ മാറ്റങ്ങൾ. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാമി ഋതംബരാനന്ദയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും, സ്വാമി ശാരദാനന്ദയെ ട്രഷററായും ചുമതലപ്പെടുത്തി.
ശിവഗിരി മഠത്തിൽ നടന്ന ചടങ്ങിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 ട്രസ്റ്റ് ബോർഡ് അംഗങ്ങൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനുശേഷം മഹാസമാധിയിൽ പ്രാർഥനകൾ അർപ്പിച്ച ശേഷമാണ് സ്വാമിമാർ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.




