ജയിലർ 2 മുതൽ ഗിറ്റാർ പടക്കം വരെ; ദീപാവലി വിപണിയിലെ പുതിയ ട്രെൻഡുകൾ

പ്രതീകാത്മക ചിത്രം
കൊല്ലം: ‘ജയിലർ 2’, ‘വിക്രം’, ‘ആംഗ്രി ബേർഡ്സ്’ തുടങ്ങിയവ വെള്ളിത്തിരയിലെ ഹിറ്റ് ചിത്രങ്ങളാണെന്ന് കരുതിയെങ്കിൽ തെറ്റി; ഈ ദീപാവലി വിപണിയെ കീഴടക്കിയിരിക്കുന്ന പടക്കങ്ങളുടെ പേരുകളാണിവ. കുരുന്നുകളെ ഹരംപിടിപ്പിക്കാനായി ഇത്തവണ വിപണിയിലെത്തിയ ‘ഗിറ്റാർ’ പടക്കങ്ങളും ‘ദുബായ് ഫൗണ്ടനും’ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാഴ്ചയിൽ മനോഹരമായ വർണപ്രപഞ്ചം തീർക്കുന്ന ഇത്തരം പടക്കങ്ങളോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രിയം.
ഓരോ തവണയും വേറിട്ട ശബ്ദവും പ്രകാശവും പുറപ്പെടുവിക്കുന്ന ഗിറ്റാർ പടക്കത്തിന് വിപണിയിൽ 550 രൂപയാണ് ഈടാക്കുന്നത്. 3,000 രൂപയ്ക്ക് മുകളിലാണ് ദുബായ് ഫൗണ്ടന്റെ വില. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവിധ തരം പടക്കങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് ബോക്സുകളും വ്യാപാരികൾ സജ്ജീകരിച്ചിട്ടുണ്ട്. 250 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. ബോക്സിലെ ഇനങ്ങളുടെ എണ്ണം കൂടുന്തോറും വിലയിലും വർധനവുണ്ടാകും.
അഞ്ച് സെന്റീമീറ്റർ മുതൽ 750 സെന്റീമീറ്റർ വരെ നീളത്തിലുള്ള വിവിധ തരം കമ്പിത്തിരികളും ഇത്തവണ വിപണിയിൽ സുലഭമാണ്. 10 രൂപ മുതൽ 750 രൂപ വരെയാണ് ഇവയുടെ നിരക്ക്. വ്യത്യസ്ത നിറങ്ങളും ശബ്ദവിന്യാസങ്ങളുമുള്ള പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറെയുള്ളത്.
വില റോക്കറ്റ് വേഗത്തിൽ
അലൂമിനിയം പൗഡർ, സൾഫർ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് മൂന്നിരട്ടിയോളം വർധിച്ചതോടെ പടക്കങ്ങളുടെ വിലയും കുത്തനെ ഉയർന്നു. വിലക്കയറ്റത്തിന് പുറമെ അനധികൃത വിപണനവും വ്യാപാരികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സുപ്രീം കോടതിയുടെ കർശന വിലക്കുകൾ നിലനിൽക്കെ തന്നെ തമിഴ്നാട് കേന്ദ്രീകരിച്ച് പടക്കങ്ങളുടെ ഓൺലൈൻ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.




