NEWS

പിഎസ്‌സി ചെയർമാൻ: ക്രൈംബ്രാഞ്ച് നോട്ടിസ് തള്ളി, ചോദ്യംചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് സംഘം നൽകിയ രണ്ടാമത്തെ ചോദ്യംചെയ്യൽ നോട്ടിസ് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നിരസിച്ചു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ അന്വേഷണ സംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാകണമെന്നായിരുന്നു ചെയർമാന് ലഭിച്ച നിർദേശം. എന്നാൽ, അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ആ വിധി വരുന്നത് വരെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിയമപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും കാട്ടി അദ്ദേഹം ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ നിയമോപദേശം തേടിയിരിക്കുകയാണ്.

കഴിഞ്ഞ മാസം പിഎസ്‌സിയുടെ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ അന്വേഷണത്തിന്റെ മന്ദഗതിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടവർ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചതിനെത്തുടർന്ന്, ക്രൈംബ്രാഞ്ചിന് ആവശ്യമായ മൊഴികളും രേഖകളും നൽകാൻ കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ചെയർമാനെയും അംഗങ്ങളെയും ചോദ്യംചെയ്യാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ഊർജിതമാക്കിയത്. നേരത്തെ ചെയർമാനും സെക്രട്ടറിയും നാല് അംഗങ്ങളും ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അന്നത്തെ സാഹചര്യത്തിൽ ഹൈക്കോടതിയിലെ ഹർജിയുടെ പേരുപറഞ്ഞ് ചോദ്യംചെയ്യലിൽ നിന്ന് ആരും ഒഴിഞ്ഞുനിന്നിരുന്നില്ല.

Fashion ⏭️

Back to top button