NEWS

ജയിൽവാസം ഒഴിവാക്കി ആശുപത്രിവാസം: തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി ∙ വിദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിനായി ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശിക്ഷാവിധി ഉണ്ടായിട്ടും ഒരു ദിവസം പോലും ജയിലിൽ കഴിയേണ്ടി വന്നിട്ടില്ലാത്ത തച്ചങ്കരി, ആശുപത്രിയിൽ സുഖചികിത്സയിലാണെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയുടെ നിർദേശപ്രകാരം ജയിൽ സൂപ്രണ്ട് തച്ചങ്കരിയുടെ ശിക്ഷാ കാലയളവിലെ മെഡിക്കൽ റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൃദ്രോഗവും ബൈപ്പാസ് ശസ്ത്രക്രിയയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

ഈ മെഡിക്കൽ രേഖകൾ ചൂണ്ടിക്കാട്ടി, ഇത്രയും ഗുരുതരമായ രോഗാവസ്ഥയിലുള്ള ഒരാൾക്ക് എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുകയെന്ന് ജസ്റ്റിസ് എ. ബദറുദീൻ വാക്കാൽ ചോദിച്ചു. ഇതിനു പിന്നാലെയായിരുന്നു തച്ചങ്കരിയുടെ ജയിൽ വാസത്തെക്കുറിച്ചുള്ള കോടതിയുടെ വിമർശനം. ജയിലിൽ പ്രവേശിക്കേണ്ടി വരുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതും, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പൂർണ്ണ ആരോഗ്യവാനായി മാറുന്നതും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച തീയതി മുതൽ ഡിസ്ചാർജ് ചെയ്ത തീയതി വരെ അദ്ദേഹം ആശുപത്രിയിൽ തന്നെയായിരുന്നുവെന്നും, ഒരു ദിവസം പോലും ജയിൽവാസം അനുഭവിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രിയിൽ കിടക്കുമ്പോൾ രോഗിയും, പുറത്തിറങ്ങുമ്പോൾ പൂർണ്ണ ആരോഗ്യവാനുമാകുന്ന ഈ ഇരട്ടത്താപ്പ് അനുവദിക്കാനാവില്ല. ദുബായിൽ ജോലിക്ക് പോകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ കോടതിയുടെ മുന്നിൽ നുണകൾ പറയരുത്. ഇത്തരം പ്രവണതകളെ ഗൗരവമായാണ് കാണുന്നതെന്നും, ഇതേ നിലപാടാണ് തുടരുന്നതെങ്കിൽ ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Fashion ⏭️

Back to top button