NEWS

അതിഥിത്തൊഴിലാളി വിവരശേഖരണത്തിന് മൂന്നു മാസത്തിനകം ഏകീകൃത തിരിച്ചറിയൽ പോർട്ടൽ

തിരുവനന്തപുരം ∙ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി സർക്കാർ പുതിയ ഏകീകൃത ഡിജിറ്റൽ പോർട്ടൽ കൊണ്ടുവരുന്നു. തൊഴിൽ വകുപ്പിന്റെ മേൽനോട്ടത്തിൽ ഇൻഫർമേഷൻ കേരള മിഷൻ മുഖേനയാണ് ഇതിനായുള്ള നടപടിക്രമങ്ങൾ ആസൂത്രണം ചെയ്യുന്നത്. അതിഥിത്തൊഴിലാളികൾക്കിടയിൽ വ്യാജ ആധാർ കാർഡുകളുടെ ഉപയോഗം വർധിക്കുന്നതായി മനോരമ പുറത്തുകൊണ്ടുവന്ന വാർത്തയെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് കടന്നത്.

തൊഴിൽ, ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ, റവന്യു എന്നീ ആറ് വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പോർട്ടലിന്റെ പ്രവർത്തനം പൂർണസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് നിലവിൽ ജോലി ചെയ്യുന്നവരും തൊഴിൽ തേടി എത്തിയിട്ടും അവസരം ലഭിക്കാത്തവരുമായ മുഴുവൻ അതിഥിത്തൊഴിലാളികളുടെയും വിവരങ്ങൾ ഈ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. നൽകുന്ന രേഖകളുടെയും ആധാർ വിവരങ്ങളുടെയും ആധികാരികത കർശനമായി പരിശോധിക്കും. അതിഥിത്തൊഴിലാളികൾ സമർപ്പിക്കുന്ന രേഖകളുടെ നിജസ്ഥിതി പരിശോധിക്കാൻ നിലവിൽ തൊഴിൽ വകുപ്പിന് കൃത്യമായ സംവിധാനങ്ങൾ ലഭ്യമല്ലെന്നത് തിരിച്ചറിഞ്ഞാണ് ഈ മാറ്റം.

തൊഴിലാളികൾ താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ പരിധി, ജോലി ചെയ്യുന്ന ഇടം എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്. സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്കോ അല്ലെങ്കിൽ അതത് സ്ഥാപനങ്ങളിലെ ചുമതലക്കാർക്കോ ആയിരിക്കും. ജില്ലാ തലത്തിൽ ലേബർ ഓഫിസർമാർക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. പോർട്ടൽ സജ്ജമായാൽ ജില്ലാ ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫിസർമാർ മുഖേന തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കും. രജിസ്ട്രേഷൻ നടപടികളിൽ നിന്ന് മനഃപൂർവം വിട്ടുനിൽക്കുന്നവർക്കെതിരെ നിയമപരമായ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Fashion ⏭️

Back to top button